എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Tuesday, 9 July 2013

വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍ കേള്‍പ്പിക്കുന്നവര്


പണം= വിജയം എന്നുദ്ഘോഷിക്കപ്പെടുന്ന ഇക്കാലത്ത്‌ എല്ലാവര്‍ക്കും പരാതികള്‍ ആണ്. പത്രങ്ങളിലും ടെലിവിഷനിലും എല്ലാം എന്നും ഒരു മര്യാദയുമില്ലാതെ സഭ്യമല്ലാത്ത കാര്യങ്ങള്‍ വരുന്നു. അതുകണ്ട് ജീവിക്കുന്ന ജനം അധാര്‍മ്മികത ജീവിതത്തില്‍ പകര്‍ത്തുന്നു; പിന്നെയും നശിക്കുന്നു.  കുട്ടികള്‍ മനുഷത്വമില്ലാതെ വളരുന്നു.  ദൈവവിശ്വാസം പോലും വെറും പ്രകടനപരത ആയി മാറുന്നു. നാടിന്‍റെ ഗതി എങ്ങോട്ട് എന്നും ജനം ആശങ്കപ്പെടുന്നു.

ധാര്‍മ്മികത, മൂല്യങ്ങള്‍, സത്യസന്ധത എന്നിവയെല്ലാം അപ്രത്യക്ഷമാകുന്ന ആശയങ്ങളോ അതോ ആഘോഷിക്കപ്പെടാതെ പോകുന്ന നന്മകളാണോ?

സത്യം എന്താണ്? ഇന്നും ഈ നാട്ടില്‍ നന്മയും, മൂല്യങ്ങളും സൂക്ഷിക്കുന്നവര്‍ ഉണ്ട്. പക്ഷെ അവരും അവരുടെ പ്രവര്‍ത്തികളും വാര്‍ത്തയല്ലാതെ ആവുന്നു. ജീവിതത്തില്‍ വഴിപിഴച്ചു പോയവരുടെ മക്കളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്ന വലിയ മനുഷ്യര്‍, ഭൂമിയേയും പ്രകൃതിയെയും നശിപ്പിക്കുന്നവര്‍ക്കെതിരെ വീട്ടുവീഴ്ചയില്ലാതെ സമരം ചെയ്യുന്നവര്‍, സിറ്റിയിലെ പൊടിയെക്കുറിച്ച് പരാതി പറഞ്ഞു സമയം കളയാതെ കഴിയുന്നത്ര ആള്‍ക്കാരെ സൈക്കിള്‍ ചവിട്ടാന്‍ പ്രേരിപ്പിക്കുന്നവര്‍, അങ്ങനെ ആഘോഷിക്കപ്പെടാതെ പോകുന്ന അനേകം പേര്‍.

അവരെയാണ് നമ്മള്‍ ഇനി ഉറ്റു നോക്കേണ്ടത് - ജീവിതത്തില്‍ സ്നേഹവും കാരുണ്യവും നിറച്ചവര്‍ - ഈ ലോകത്ത്‌ വസന്തം കൊണ്ടുവരുന്നവര്‍.

******

ബൈബിളിലെ നന്മയും, സ്നേഹവും, ലാളിത്യവും ഇടയജനങ്ങളിലെക്കെത്തിക്കെണ്ടവര്‍ ആഡംമ്പരകാറുകളില്‍ സഞ്ചരിക്കുന്നതിനെതിരെ വിശുദ്ധ പിതാവിന് ഹൃദയവേദനയോടെ പറയേണ്ടിവന്നു. ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ പതിനായിരക്കണക്കായ സാധാരണക്കാരോടൊപ്പം പെട്ടുപോയ സ്വാമിമാര്‍ പ്രത്യേക പരിഗണന കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഭരണസിരാകൂടത്തിന്റെ ആസ്ഥാനത്ത്‌ ധര്‍ണ്ണ നടത്തിയത്‌ ഗ്രഹസ്ഥാസ്രമികളായ സാധാരണക്കാര്‍ക്ക് അദ്ഭുതമായി തോന്നി. രാക്ഷ്ട്രീയം അരാഷ്ട്രീയവും, അരാജകത്വവും ആയി മാറിയ ഇക്കാലത്ത്‌, അക്ഷരങ്ങളില്‍ ലോലവികാരങ്ങളുടെ വിഷം കലക്കുന്ന മാദ്ധ്യമങ്ങള്‍ നിറഞ്ഞ ഇക്കാലത്ത്‌, പിന്നെ എവിടെയാണ് രക്ഷ? നീതിന്യായ വ്യവവസ്ഥിതിപോലും അവിശ്വാസത്തിന്‍റെ കരിനിഴല്‍ വീണ് ഇരുണ്ടുതുടങ്ങിയിരിക്കുന്നു.

മാറി നില്‍ക്കുകയല്ല വേണ്ടത്‌; ഒഴുക്കിനൊത്ത് നീന്തുകയുമരുത്.  പോരാടണം - മറ്റുള്ളവരെ മാറ്റാനോ തിരുത്താനോ അല്ല. - എല്ലാ നല്ല മൂല്യങ്ങളും മുറുകെപ്പിടിച്ച് സ്വന്തം മനസാക്ഷിയുടെ മുന്‍പില്‍ തലകുനിക്കാതെ ജീവിക്കാന്‍ ഉള്ള ധൈര്യം ആര്‍ജ്ജിക്കുന്നതിനു വേണ്ടി പോരാടണം.  ആ ശ്രമത്തില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ സംഭവിച്ചേക്കാം, സമൂഹത്തില്‍ ഒറ്റപ്പെട്ടുപോവുന്നതിനെതിരെ വേണ്ടപ്പെട്ടവര്‍ കുറ്റപ്പെടുത്തിയെക്കാം പക്ഷെ തളരരുത്. നിങ്ങള്‍ കൊളുത്തിയ ചിരാത്‌ ഒരു തീപന്തം ആയി ആളിക്കത്തുന്നത് നിങ്ങള്‍ കാണും. ഞാനത് കാണുന്നു  ചില്ലയില്‍, തിരുവന്തപുരത്തെ സൈക്ലിംഗ് ഗ്രൂപ്പില്‍, മാര്‍ കൂറിലോസ് തിരുമേനിയില്‍, സഖാവ് വി.എസ്സില്‍, എന്‍റെ നാടിനടുത്തുള്ള ഗോപാലകൃഷ്ണന്‍ സാറില്‍ പിന്നെ പറഞ്ഞാലറിയാത്ത നൂറുകണക്കിന് സാധാരണ മനുഷ്യരില്‍......

അവരാണ് ഇവിടെ വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍ കേള്‍പ്പിക്കുന്നവര്‍.. വസന്തത്തില്‍ ഇനിയും പൂമൊട്ടുകള്‍ ഉണ്ടാവട്ടെ; അവ തളിര്‍ത്തു പൂക്കളും കായ്കളും ആകട്ടെ. അവയുടെ വിത്തുകള്‍ വീണ് ഇനിയുമോരായിരം നന്മമരങ്ങള്‍ ഈ ഭൂമിയില്‍ നിറയട്ടെ.