എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 20 April 2011

വേനലവധിക്കാലത്തിലെ കുറിപ്പുകള്‍

തൊട്ടാവാടിയിലകളില്‍ വിരല്‍ തൊട്ടെന്‍റെ
ബാല്യം തൊട്ടറിയാമെന്നും,
ആദ്യപ്രണയം കണ്ട കണ്ണുകള്‍, വീണ്ടുമാ-
യിടവഴികളില്‍ കണ്ടു, കഴിഞ്ഞുപോയ
കൌമാരം കയെത്തിപ്പിടിക്കാമെന്നുമോര്‍ത്ത്‌
മൌനം പൂണ്ടു ഞാനി നഗരവഴികളിലൂടെ
സ്വപ്നം കണ്ടു നടക്കുന്നു.


ഈ മഹാനഗരത്തിലും
ഇങ്ങനൊരു സ്വപ്നം കണ്ടുനടക്കാന്‍ കഴിയുന്നതോര്‍ത്ത്‌
സ്വകാര്യമായി ഞാന്‍ എന്‍റെ തോളില്‍ തട്ടി അഭിനന്ദിക്കുന്നു.


ഒരു മാസം മുന്‍പ്‌ നാട്ടിലേക്ക് മടങ്ങാന്‍ അവസാന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ കുത്തിക്കുറിച്ചു വെച്ച വരികള്‍. ഇന്ന് പെസഹ വ്യാഴമാണ്. കൃത്യം മുപ്പത്‌ ദിവസമായി നാട്ടില്‍ വന്നിട്ട്. ഒരു ശീലം പോലെ പതിവായ നീണ്ട അവധിയെടുക്കല്‍. വിവാഹം കഴിഞ്ഞു ആദ്യമായാണെങ്കിലും അവള്‍ക്ക് ഒരു പരിഭ്രമവും ഇല്ലാത്തതു പോലെ...


വന്നിറങ്ങിയ അന്ന് തന്നെ ഏറ്റവും പ്രിയപ്പെട്ട ഉണ്ണി മാമന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. സംശയത്തോടെ നോക്കിയവരോട് അമ്മ പറയുന്നത് കേട്ടു "ഇന്ന് വന്നതേയുള്ളൂ. ഉണ്ണിയുടെ വീടിന്‍റെ പാലുകാച്ചലിനു വന്നിട്ടേ ഉണ്ണുന്നുള്ളൂ എന്ന് പുറപ്പെടുന്നതിനു മുന്‍പ്‌ അവന്‍ വിളിച്ചു പറഞ്ഞിരുന്നു." സദ്യ വിളമ്പാന്‍ കൂടി. എല്ലാവര്‍ക്കും ഊണ് കൊടുത്തുകഴിഞ്ഞു ഉണ്ണാനിരുന്നപ്പോള്‍ സമയം രണ്ടു മണി കഴിഞ്ഞു. ഉഷ്ണച്ചൂടില്‍ ശരീരത്തു നിന്ന് വിയര്‍പ്പ് തുള്ളികള്‍ നിലക്കാതെ ഒഴുകി. എന്നാലും സന്തോഷമാണ്‌ തോന്നിയത്‌! അന്നു തന്നെ എല്ലാവരും ഓര്‍മ്മപ്പെടുത്തി മലക്കുട ഉത്സവത്തിന് വരുമല്ലോ എന്ന്‍. എന്തൊരു ചോദ്യം! നാട്ടില്‍ ഉള്ളപ്പോള്‍പ്പിന്നെ വരാതിരിക്കുമോ ?



മീന മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് കടമ്പനാട് പോരുവഴി പെരുവിരുത്തി മലനടയിലെ ഉത്സവം. കൌരവപ്പടയുടെ നായകനായ ദുര്യോധനന്‍ ആരാധിക്കപ്പെടുന്ന ദക്ഷിണേന്ത്യയിലെ ഏക ക്ഷേത്രം. ആദി ദ്രാവിഡന്‍റെ പിന്‍മുറക്കാര്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുകയും പരിപാലിക്കുകയും ചെയുന്ന, നമ്മുടെ യഥാര്‍ത്ഥ ജൈവികതയുടെ തുടര്‍ച്ചകള്‍ ഇപ്പോഴും സൂക്ഷിക്കുന്ന ഒരു അപൂര്‍വ്വ ക്ഷേത്രമാണ് മലനട. കൊയ്ത്തു കഴിഞ്ഞുണങ്ങിയ വിശാലമായ പാട ശേഖരങ്ങള്‍ക്കിടയിലെ കുന്നിന്‍മുകളിലുള്ള മലനടയില്‍ നില്‍ക്കുമ്പോള്‍ വീശുന്ന വരണ്ട ഉഷ്ണകാറ്റില്‍ പോലും പണിയാളരുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടാവും.



ഉണ്ണി മാമന്‍റെ വക കാള ഉണ്ടായിരുന്നു ഞാനും കാള പിടിക്കാന്‍ കൂടി. അതിനു മുന്‍പ്‌ നേദിച്ച മദ്യം എല്ലാ കാള എടുപ്പുകാരും "സേവിച്ചു"! പുറത്തെ ചൂടും, അകത്തെ ആവേശവും, നല്ല എരിവുള്ള നാടന്‍ കോഴിയും കൂടി ആയപ്പോള്‍ കള്ള് പോയ വഴി അറിയില്ല. കാളയെടുത്ത്‌ കുന്നിന്‍ ചോട്ടില്‍ ചെന്നപ്പോള്‍ അതാ അടുത്ത കാളയുടെ ചുവട്ടില്‍ മുന്‍പൊരിക്കല്‍ ഒരു പാര്‍ട്ടിയില്‍ കണ്ടു പരിചയപ്പെട്ട NRI ബിസിനസ്‌ ചേട്ടന്‍ മുണ്ടുംമടക്കിക്കുത്തി നില്‍ക്കുന്നു! ഞങ്ങള്‍ രണ്ടു പേരും കുറേനേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി മിഴിച്ചു നിന്നു പിന്നെ ആദ്യ ഞെട്ടല്‍ മാറിയപ്പോള്‍ സംസാരിച്ചു. പുള്ളി കാളയെടുപ്പിനായി മൂന്നു ദിവസത്തേക്കു വന്നതാണ്! എന്തായാലും നല്ലൊരു ഉത്സവത്തിന്‍റെ ലഹരിയില്‍ രാത്രി പരിപാടിക്ക് നില്‍ക്കാതെ വീട് പറ്റി.

ലാപ്ടോപ്പില്‍ തൊടാതെ നാലഞ്ചു ദിവസങ്ങള്‍. മൊബൈല്‍ ഫോണില്‍ നെറ്റ് കിട്ടും. ഇടക്ക് Facebook ഉം, mail ഉം മാത്രം മൊബൈലില്‍ കൂടി നോക്കി. ഒരു മെയില്‍ തുഞ്ചന്‍പറമ്പില്‍ വെച്ചു നടത്താന്‍ ഉദേശിക്കുന്ന ബ്ലോഗേഴ്സ് മീറ്റിനു പങ്കെടുക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്താന്‍ സാബു അയച്ചതാണ്. പങ്കെടുക്കണമെന്നു തന്നെയാണ് തീരുമാനമെന്നരിയിച്ച്ചു മറുപടി അയച്ചു. ഏപ്രില്‍ 17 നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ജയിച്ച ലോകകപ്പ്‌ കളി മുഴുവന്‍ ടി.വി. യില്‍ കണ്ടു. അതിനു മുന്‍പ് നടന്ന ഇന്ത്യ-പാക്‌ സെമി മുഴുവന്‍ ഒരു കൌതുകത്തിന് Twitter വഴി update ചെയ്തുകൊണ്ടിരുന്നു. സ്കൂളില്‍ പഠിച്ചപ്പോള്‍ ക്രിക്കറ്റ്‌ കളിയിലുണ്ടായിരുന്ന ആവേശം ഇപ്പോഴും തീരെക്കുറഞ്ഞിട്ടില്ല എന്നു വലിയ സന്തോഷത്തോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഇന്ത്യയുടെ വിജയം ഗംഭീരം.

നാട്ടില്‍ വന്നിട്ട് ആരെയും വിളിച്ചില്ല...എന്നാലും വന്നതറിഞ്ഞ് കുറെ കൂട്ടുകാര്‍ വിളിച്ചു. ഞങ്ങള്‍ പഴയ കുറെ ക്ലാസ്സ്‌ മേറ്റ്സ് കോട്ടയത്തിനപ്പുറം നീണ്ടൂരുള്ള ഒരു കള്ളുഷാപ്പില്‍ ഒന്നിച്ചു കൂടി നല്ല മീന്‍, താറാവ്, ചെമ്മീന്‍ കറികളും കപ്പയും തിന്ന്‍ ഇലക്ഷന്‍ ചര്‍ച്ചകളും, ഗള്‍ഫ് ജീവിതവും മിസ്സാവുന്ന ഷാപ്പുകളും എന്ന വിഷയത്തിലും കൂലംകഷമായി ചര്‍ച്ച നടത്തി പിരിഞ്ഞു. ഒരു നീണ്ട ഇടവേളക്കു ശേഷം കുരിയാപ്പിയെയും (ഞങ്ങളുടെ പ്രിയപ്പെട്ട ഇലക്ട്രോണിക്സ് അദ്ധ്യാപകന്‍) കണ്ടു- നരച്ച തടിരോമങ്ങളും, ഷോര്‍ട്ട് കുര്‍ത്തയും, ബര്‍മുഡയും, സ്പോര്‍ട്സ്‌ ഷൂസും അണിഞ്ഞ ക്രിസ്തുവിന്‍റെ കണ്ണുകള്‍ ഉള്ള ചെ!


വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇലക്ഷന് നാട്ടില്‍ ഉണ്ടായി, പക്ഷെ ലിസ്റ്റില്‍ പേരില്ലാത്തതുകൊണ്ട് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി വി. എസ്. നു അനുകൂലമായി ശക്തമായ ഒരു തരംഗം ഉണ്ടെങ്കിലും അതെല്ലാം ഇടത് മുന്നണിക്കനുകൂലമാവും എന്ന് പറയാന്‍ കഴിയില്ല. പക്ഷെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ ശ്രദ്ധിച്ച ഒരു കാര്യം രാക്ഷ്ട്രീയപാര്‍ട്ടികളുടെ മുഖ്യ പ്രചാരണ അജണ്ട പരസ്പരമുള്ള വ്യക്തിഹത്യകളും, വ്യക്തയാധിഷ്ടിത ആരോപണങ്ങളുമായിരുന്നു എന്നതാണ്. ഇലക്ഷന്‍ പൊതുവേ സമാധാനപരമായിരുന്നു. 75.12 % ആയിരുന്നു ഇത്തവണത്തെ പോളിംഗ് ശതമാനം. ഒരു വലിയ തമാശ തോന്നിയത്‌ പത്തനംതിട്ട ജില്ലയില്‍ ആണ് ഏറ്റവും കുറവ് പോളിംഗ് ശതമാനം എന്ന് വായിച്ചപ്പോഴാണ്. കാരണം, രണ്ടോ മുന്നോ ദിവസം മുന്‍പ്‌ 2011- ലെ സെന്‍സെസ് കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ പത്തനംതിട്ട, കോട്ടയത്തെ കടത്തിവെട്ടി കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല ആയി മാറിയിരിക്കുന്നു എന്ന് കാണിക്കുന്നു! സാക്ഷരത കൂടുന്തോറും ജനങ്ങളുടെ രാക്ഷ്ട്രീയ അവബോധം കുറയുകയാണോ?



മുറ്റത്ത് വിരിഞ്ഞ ഒരു മഞ്ഞ റോസാപ്പൂവ് വെച്ച് എടുത്ത വാര്‍ഷികപ്പതിപ്പിന്‍റെ ചിത്രം കൊടുക്കുന്നു.


മിക്ക ദിവസങ്ങളിലും ഊണ് കഴിഞ്ഞു മാസികകളും പുസ്തകങ്ങളും വായന തുടങ്ങി. മാതൃഭൂമിയുടെ 2011 വാര്‍ഷികപ്പതിപ്പ്‌ കുറെ വായിച്ചു. ഇത്തവണത്തെ വാര്‍ഷികപ്പതിപ്പ്‌ Cover Design കൊണ്ടും മികച്ച ലേഖനങ്ങള്‍ കൊണ്ടും നല്ലൊരു അനുഭവമാണ്. പുറം താളിലെ Caption എനിക്ക് വളരെ ഇഷ്ടപ്പെട്ടു - "നിലച്ചു പോയ പ്രവേഗങ്ങള്‍". ശാസ്ത്രലേഖനങ്ങളില്‍ പതിനെട്ടാമത്തെ ആനയുടെ യുക്തി, മസ്തിഷ്കമോ മനസ്സോ എന്നിവ വളരെ ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ "The Crest of the Peacock" എഴുതിയ ശ്രി.ഗീവര്‍ഗ്ഗീസ് ജോസെഫുമായി ശ്രി. ടി. ഡി. രാമകൃഷ്ണന്‍ നടത്തിയ അഭിമുഖവും പുതിയൊരു വായനാശീലത്തിനു തുടക്കമിടുന്നത് പോലെ തോന്നി. ശാസ്ത്രയുക്തികള്‍ മാത്രമല്ല, അതിനെ പ്രസിദ്ധമാക്കുകയും ചിലപ്പോഴൊക്കെ പിന്നോട്ടടിക്കുകയും ചെയ്യുന്നതിലെ രാഷ്ട്രീയം കൂടി അനാവരണം ചെയ്യുന്ന ഒരു നല്ല വായന. മുടങ്ങിക്കിടന്ന വായന തുടങ്ങിയപ്പോള്‍, പുതുമഴ നനഞ്ഞ മണ്ണിന്‍റെ സുഖം മനസ്സിന്.


വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വീടിന്‍റെ പുറകു വശത്തെ തൊടി വൃത്തിയാക്കാന്‍ തുടങ്ങിയിരുന്നു. കുറച്ചു പച്ചക്കറി കൃഷി ചെയ്യണം. അയല്‍പക്കത്തെ ജൂലി ഡിഗ്രി എക്സാം കഴിഞ്ഞ ഒഴിവില്‍ കുറെ പാവല്‍ വളര്‍ത്തിയിരുന്നു. നല്ല കായ്ഫലം ഉണ്ട്; മിടുക്കിക്കുട്ടി. സമ്പന്നമായ ചുറ്റുപാടില്‍ ജീവിക്കുന്ന ആ കുട്ടി കൃഷിയോടു കാണിക്കുന്ന താല്പര്യം പ്രചോദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ്. ജൂലി കൃഷി വകുപ്പിന്‍റെ Toll Free നമ്പറില്‍ വിളിച്ചു സംശയങ്ങള്‍ ഒക്കെ തീര്‍ത്തതാണ് കൃഷി ചെയ്യുന്നത്. നാട്ടില്‍ ഇപ്പോള്‍ മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍ വളരെ വ്യാപകമാണ്. കേരള സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ പല സേവനങ്ങളും e-Governence ല്‍ നിന്നും m-Governence ലേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു.


മിക്ക ദിവസങ്ങളിലും വേനല്‍ മഴ ഉണ്ടാവും... പോരാത്തതിനു ചെറിയ കനാലില്‍ കൂടി ഒഴുകുന്ന വെള്ളം നാടിനെ മുഴുവന്‍ തണുപ്പിക്കുന്നു. ഈ വര്‍ഷം നല്ല മഴ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ പ്രവചനം പേപ്പറില്‍ വായിച്ചു. ആര്‍ക്കും വിളവു മോശമല്ല.


ഇത്തവണത്തെ വിഷു ഗംഭീരമാക്കണമെന്നു പോരുന്നതിനു മുന്നേ ഞാനും അവളും കൂടി തീരുമാനിച്ചിരുന്നു. തലേന്ന് തന്നെ സാധനങ്ങള്‍ എല്ലാം കഴിയുന്നത്ര വാങ്ങി, ഓട്ടുരുളിയിലും ഇലയിലുമായി കണിയൊരുക്കി. വിഷുവിനു രാവിലെ അമ്പലത്തില്‍ പോയി. ചിരിയും കുശലവുമായി പരിചയക്കാര്‍. കുറെ കുട്ടികള്‍ ആനക്കൊട്ടിലില്‍ വട്ടം കൂടിയിരിക്കുന്നു. വാനരസൈന്യം എന്ന പഴയ കുട്ടിപ്പടയുടെ ഓര്‍മ്മ വന്നു. വയണഇലയില്‍ ഉണ്ടാക്കിയ തെരളി അപ്പവും കഴിച്ച് ടി.വി. യുടെ മുന്‍പില്‍, ഇടക്ക് അടുക്കളയില്‍ അമ്മയും, ഭാര്യയും ഉച്ചയ്ക്ക് സദ്യ ഉണ്ടാക്കുന്ന തിരക്കില് ചെറിയ സഹായങ്ങളുമായി..‍. നിറഞ്ഞ മനസ്സും, വയറുമായി ഒരു നല്ല വിഷു.


ഏപ്രില്‍ 17-നായിരുന്നു തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ബ്ലോഗ്‌ മീറ്റ്‌. കായംകുളത്ത് നിന്ന് രാത്രി പതിനൊന്നിന് പോകുന്ന മംഗലാപുരം ട്രെയിനിനു പോയാല്‍ പുലര്‍ച്ചെ 5.30 നു തിരൂരില്‍ എത്താമായിരുന്നു. പക്ഷെ പനിയും, ദേഹത്ത് വേദനയും കാരണം ദീര്‍ഘദൂര യാത്ര നടത്താന്‍ മുതിരേണ്ട എന്നെല്ലാവരും പറഞ്ഞു. അങ്ങനെ വേദനയോടെ ആ യാത്ര ഉപേക്ഷിക്കേണ്ടി വന്നു. അടുത്ത ബ്ലോഗ്‌ മീറ്റിനു പങ്കെടുക്കണം എന്നിപ്പഴേ മനസ്സില്‍ ഉറപ്പിച്ചും കഴിഞ്ഞു. നാട്ടില്‍ അടുത്തുള്ള കുറെ ബ്ലോഗേഴ്സ്നെ കാണണം.


അടുത്ത ആഴ്ച തുടങ്ങുന്നത് തന്നെ വളരെ അടുത്ത ബന്ധുക്കളുടെ വിവാഹത്തോടെയാണ്. ജലദോഷം പൂര്‍ണ്ണമായി മാറിയിരുന്നെങ്കില്‍ കല്യാണവീട്ടിലെ സുഖമുള്ള ഗന്ധം അറിഞ്ഞു ചോറുണ്ണാമായിരുന്നു!

ആഘോഷങ്ങളും, നിറങ്ങളുമാണ് ചുറ്റും. എങ്ങും സമൃദ്ധി മാത്രമെന്ന് പറയാനാവില്ല, എന്നാലും നാടിന്‍റെ വളര്‍ച്ച ഇപ്പോള്‍ നോക്കി നില്‍ക്കെ കാണാം. കഞ്ഞിക്കുഴിയില്‍ ജൈവകൃഷിയില്‍ വിളഞ്ഞ പച്ചക്കറികള്‍ വാങ്ങാനാളില്ലാതെ നശിക്കുന്നു എന്ന് കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു! നാടൊട്ടുക്കും വീട്ടുതോടികളില്‍ പച്ചക്കറിത്തോട്ടങ്ങള്‍ പൂത്തും കായ്ച്ച്ചും നില്‍ക്കുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും വ്യക്തമായ ലക്ഷ്യത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നു. ഗള്‍ഫില്‍ പോവേണ്ട, നാട്ടില്‍ നിന്നാലും നന്നായി സമ്പാദിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു. അലസമായിരുന്നു സ്വപ്നം കണ്ട ഒരു യൌവ്വനത്തിന്റെ കാലം കഴിഞ്ഞുപോയി.

കേരളം വളരുകയാണ്. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലും, ഐ.ടി. പാര്‍ക്കുകളും, മറ്റു പുതിയ പദ്ധതികളുമെല്ലാം കേരളത്തിന്‍റെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നു. പക്ഷെ ഈ വളര്‍ച്ചയില്‍ അതെ പ്രവേഗം നിലനിര്‍ത്താന്‍ കഴിയാതെ പോയ ഒന്നുണ്ട് ഇവിടെ - നമ്മുടെ ധാര്‍മ്മികബോധവും, മാനസികാരോഗ്യവും. അനിയന്ത്രിതമായ മദ്യപാനാസക്തി ഈ നാടിന്‍റെ എല്ലാ നന്മകളെയും നശിപ്പിക്കുന്ന തരത്തില്‍ വളരുകയാണ്. അത് നിയന്ത്രിച്ച്ച്ചേ മതിയാവൂ. അതുപോലെ തന്നെ വളര്‍ന്നു വരുന്ന പുതുതലമുറയെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ അതിനു യോഗ്യരായവരാവണം; കോഴ കൊടുത്തു കയറുന്നവര്‍ക്ക് ധാര്‍മ്മികതയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുമെന്ന് നമുക്ക്‌ വിശ്വസിക്കാന്‍ കഴിയുമോ? എല്ലാ ഉറച്ച വിശ്യാസങ്ങളും കാക്കപ്പെടുമെന്നു നമുക്ക് വിശ്യസിക്കാം.


ഞായറാഴ്ച ഈസ്റര്‍ ആണ്. വിശ്യാസികള്‍ക്ക് അവരുടെ വിശ്യാസത്തിന് ഉറപ്പു നല്‍കിക്കൊണ്ട് യേശുനാഥന്‍ ഉയിര്‍ത്തെഴുന്നേറ്റ് ദിനം. എല്ലാവര്‍ക്കും മുന്‍കൂര്‍ ഈസ്റര്‍ ആശംസകള്‍.

Wednesday, 9 February 2011

Kerala PSC LD Clerk application - എങ്ങനെ ഫോട്ടോ ശരിയായ സൈസില്‍ സേവ് ചെയ്യാം

 Kerala PSC യുടെ ഒഴിവുകളിലേക്ക്‌ online ആയി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കൂടുതലും കൂടെ ചേര്‍ക്കുന്ന Photo കളുടെ കുഴപ്പം മൂലം നിരസിക്കപ്പെടുന്നു എന്ന വാര്‍ത്തയാണ് ഈ ബ്ലോഗെഴുതാനുള്ള പ്രചോദനം.  കേരള PSC യുടെ LD clerk പോസ്റ്റിലേക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി അയച്ചതില്‍ വളരെയെണ്ണം തള്ളിപ്പോവുന്നതിനു കാരണം, അപേക്ഷാര്‍ഥിയുടെ ഫോട്ടോ ശരിയായി അപ്‌ലോഡ്‌ ചെയ്യാത്തത് കൊണ്ടാണ്.

ഇതു സംബന്ധിച്ച് Kerala PSC യുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ നോക്കുക -
http://keralapsc.org/announcements/photo%20instructions.pdf

PSC യുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യന്ന ഫോട്ടോകള്‍ 30 KB യില്‍ കൂടരുത്‌. എന്നാല്‍ സാധാരണ ഫോട്ടോ സ്കാന്‍ ചെയ്തു സേവ് ചെയ്‌താല്‍ 30KB യില്‍ കൂടാറുണ്ട്. അത് പരിഹരിക്കാന്‍, Photoshop എന്ന പ്രോഗ്രാം ഉപയോഗിച്ചു ഫോട്ടോ ഓപ്പണ്‍ചെയ്യുക.

അതിന് ശേഷം Image menu വില്‍ പോയി image size submenu ക്ലിക്ക് ചെയ്ത് ഫോട്ടോയുടെ വലിപ്പം width 150 pixel എന്നും height 200 pixel എന്നും നിജപ്പെടുത്തുക. അതിനുശേഷം File menu ല്‍ പോയി "Save for Web" എന്നോ "Save for Web & Devices"
എന്നോ കാണുന്ന സബ്മെനുവില്‍ അമര്‍ത്തുക. അപ്പോള്‍ പുതിയ ഒരു വിന്‍ഡോ തുറക്കും. (കൂടെയുള്ള ചിത്രം നോക്കുക).




അതില്‍ ഇടതുവശത്ത് താഴെ ഇപ്പോള്‍ ഫയല്‍ സേവ് ചെയ്‌താല്‍ file size എത്ര ആയിരിക്കും എന്ന് കാണിക്കും. വലതുവശത്ത്‌ മുകളില്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തു മൗസ് ഉപയോഗിച്ചു നീക്കിയാല്‍ സേവ് ചെയ്യുന്ന ഫോട്ടോയുടെ വ്യക്തത കൂട്ടുകയും കുറക്കുകയും ചെയ്യാം. പക്ഷെ അതിനനുസരിച്ച് ഫയല്‍ സൈസ് കൂടുന്നതും താഴെ ഇടതുവശത്ത് കാണാം. ഫയല്‍ സൈസ് 28 ഓ മറ്റോ ആവുമ്പോള്‍ "Save" ബട്ടണ്‍ അമര്‍ത്തി ഫയല്‍ സേവ്ചെയ്യുക.

വലതുവശത്ത്‌ താഴെയ്യുള്ള "Image size" എന്ന ടാബില്‍ പ്രസ്‌ ചെയ്‌താല്‍ ചിത്രത്തിന്റെ വലുപ്പം PSC നിഷ്കര്‍ഷിക്കുന്ന പ്രകാരം 150 pixel width ഉം 200 pixel height ഉം ആണെന്ന് ഉറപ്പു വരുത്താം.

Kerala PSC പ്രസിദ്ധപ്പെടുത്തിയ കൂടുതല്‍ ഒഴിവുകള്‍ കാണാന്‍ ഇവിടെ നോക്കുക :http://keralapsc.org/notifi.htm

ഫോട്ടോഷോപ്പ് പ്രോഗ്രാം ഇല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ കൂടി തന്നെ വളരെ വേഗം ഫോട്ടോ edit ചെയ്യാന്‍ സഹായിക്കുന്ന ഒരു website ആണ് splashup.
http://www.splashup.com/splashup/

links for PSC Photo resizing , How to make correct photo for PSC application , Kerala PSC photo upload  , LD Clerk application for Kerala PSC, kerala psc photo upload, kerala psc photo size

Friday, 28 January 2011

ഡോകടര്‍ സമരം : സംസ്കാരവും സാമൂഹ്യബോധവും നശിച്ചവരുടെ അവകാശസമരം

ഡോക്ടര്‍ ദൈവത്തിനു തുല്യമെന്നു കരുതുന്ന ഒരു പാവം ജനവിഭാഗത്തെ മാത്രമേ ഹൗസ് സര്‍ജന്മാരുടെ സമരം ബാധിക്കുകയുള്ളൂ. കാശുള്ളവന്‍ അന്യസംസ്ഥാനത്തു പോകും, അല്ലെങ്കില്‍ വിദേശത്ത്‌.

പാവപ്പെട്ടവന്‍ കൂടി കൊടുക്കുന്ന നികുതിപ്പണം ഗ്രാന്‍ഡ്‌ ആയി കിട്ടി പഠിച്ചിറങ്ങി പാവങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്ന വൃത്തികെട്ട ജന്മങ്ങള്‍ ജനിച്ചതും എന്റെ നാട്ടില്‍ തന്നെയാണല്ലോ? ഡോക്ടര്‍മാര്‍ക്ക്‌ അവകാശപ്പെട്ടത് നിഷേധിക്കണം എന്നല്ല; പക്ഷെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉപവാസം പോലെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല?

ഇവര്‍ ഡോക്ടര്‍മാരല്ല; ക്രിമിനലുകളാണ്. സ്വന്തം തൊഴിലിന്‍റെ മഹത്വം തിരിച്ചറിയാന്‍ കഴിയാത്ത ആഭാസന്മാര്‍. ഹൗസ് സര്‍ജന്മാരുടെ സമരത്തിനിടയില്‍ ചികിത്സകിട്ടാതെ മരിക്കുകയും, വൈകല്യം സംഭവിക്കുകയും ചെയ്യുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും, വൃദ്ധരുടയും ഗര്‍ഭിണികളുടെയും ശാപം ഈ അധമവര്‍ഗ്ഗത്തിന്‍റെ അടുത്ത തലമുറയെ ബാധിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് രോഷം അടക്കാനാവാതെ...

ഡോക്ടര്‍മാരെ ഇതൊന്നുകൂടി വായിച്ചു നോക്കണം-

I swear to fulfill, to the best of my ability and judgment, this covenant:
I will respect the hard-won scientific gains of those physicians in whose steps I walk, and gladly share such knowledge as is mine with those who are to follow.

I will apply, for the benefit of the sick, all measures [that] are required, avoiding those twin traps of overtreatment and therapeutic nihilism.

I will remember that there is art to medicine as well as science, and that warmth, sympathy, and understanding may outweigh the surgeon's knife or the chemist's drug.

I will not be ashamed to say "I know not," nor will I fail to call in my colleagues when the skills of another are needed for a patient's recovery.

I will respect the privacy of my patients, for their problems are not disclosed to me that the world may know. Most especially must I tread with care in matters of life and death. If it is given to me to save a life, all thanks. But it may also be within my power to take a life; this awesome responsibility must be faced with great humbleness and awareness of my own frailty. Above all, I must not play at God.

I will remember that I do not treat a fever chart, a cancerous growth, but a sick human being, whose illness may affect the person's family and economic stability. My responsibility includes these related problems, if I am to care adequately for the sick.

I will prevent disease whenever I can, for prevention is preferable to cure.

I will remember that I remain a member of society, with special obligations to all my fellow human beings, those sound of mind and body as well as the infirm.

If I do not violate this oath, may I enjoy life and art, respected while I live and remembered with affection thereafter. May I always act so as to preserve the finest traditions of my calling and may I long experience the joy of healing those who seek my help.

Saturday, 1 January 2011

1.1.11

പുതിയൊരു ദശാബ്ദം തുടങ്ങുന്നു. ഒരു ദശാബ്ദം പ്രവാസിയായി ഗള്‍ഫില്‍ കഴിഞ്ഞു. അധികമൊന്നും സാമൂഹികബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയില്ലാത്ത ഗള്‍ഫ്‌ ജീവിതത്തില്‍ വല്യൊരു ആശ്വാസമായിരുന്നു സമാനചിന്താഗതിക്കാരുമായി സംവദിക്കാന്‍ വേദിയൊരുക്കിയ ബ്ലോഗിങ്.

ഇനി വെറുതെയെഴുത്തില്ല - മലയാളം ബ്ലോഗിങ്ങ് തന്നുകൊണ്ടിരുന്ന വ്യക്തിപരമായ സൗഹൃദങ്ങളും, പങ്കുവെക്കലുകളും മാത്രം പ്രതീക്ഷിച്ച് വെറുതെ കുറിപ്പുകള്‍ എഴുതില്ല. ബ്ലോഗ്‌ ഒരു വലിയ സാദ്ധ്യതയാണ്; അതുപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു സമൂഹത്തിന്. കൂടുതല്‍ ഒന്നും പറയാനില്ല.

എല്ലാവര്‍ക്കും മനോഹരമായ പുലരികളും, കൊച്ചു സന്തോഷങ്ങളും നിറഞ്ഞ ദിവസങ്ങള്‍ ഉള്ള ഒരു പുതുവര്‍ഷം നേരുന്നു.