എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Tuesday, 22 January 2019

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിക്രമാദിത്യനും , വേതാളവും

1

പബ്ബിൽ  നിന്നും  ബിയർ  മോന്തിയിറങ്ങിയ രാവിൽ  നക്ഷത്രങ്ങളൊഴിഞ്ഞ  ആകാശത്തേക്ക്  നോക്കിക്കൊണ്ടു വേതാളം വിക്രമാദിത്യനോട്  ചോദിച്ചു  - "ഒരു മനുഷ്യന്  മറ്റൊരാളോട് ചെയ്യാൻ കഴിയുന്ന  ഏറ്റവും തീഷ്ണമായ  അപരാധം  ഏതാണ് ?"

ഏറ്റവും വലിയ പാപം  മറ്റൊരു മനുഷ്യനെ  കൊല  ചെയ്യുന്നതല്ല , അവന്റെ വിശ്യാസങ്ങളെ  തകർക്കുന്നതാണ് .  അതുകൊണ്ടു തന്നെയാണ്  ഓരോ  പ്രണയഭംഗവും , വിശ്വാസ വഞ്ചനയും  തീക്ഷ്ണമായ അനുഭവങ്ങളാകുന്നത് . ഇന്നലെ വരെ ചിരിച്ചുകൊണ്ടിരുന്നവർ , പെട്ടെന്നൊരു കാരണവുമില്ലാതെ  തിരിച്ചു പെരുമാറുമ്പോൾ  ഓരോ മനുഷ്യനും അവനവനിലുള്ള  വിശ്വാസമാണില്ലാതാകുന്നത് .  സ്വന്തം തിരഞ്ഞെടുപ്പുകളിലെ പാളിച്ചകൾ ആത്മവിശ്വാസം ഇല്ലാതാക്കും. അവനവനിലുള്ള  വിശ്വാസം തകർക്കാൻ  കാരണമായവരോട് പലരും തീഷ്ണമായി പ്രതികരിക്കും. അതിലും മൃദു ചിത്തരായവർ  സ്വയം ഹത്യ ചെയ്യും , ലോകത്തിന്റെ  ഗതിയറിഞ്ഞ  ജ്ഞാനികൾ  വേദനയോടെ മന്ദഹസിക്കും.

ഒന്ന്  നിർത്തി, ആലോചനയോടെ വിക്രമാദിത്യൻ തുടർന്നു - സമാശ്വസിപ്പിക്കാൻ വേണ്ടി കളവുകൾ  പറയുന്നതിലും നല്ലത് , വേദനിപ്പിക്കുന്ന സത്യങ്ങൾ  പറയുന്നത് തന്നെയാണ്.  അല്ലെങ്കിൽ  പലപ്പോഴും 'ശിഷ്ടൻ  ദുഷ്ടന്റെ  ഫലം  ചെയ്യും ' എന്ന് പറയുംപോലെയാവും .

മറുപടി കേട്ട വേതാളത്തിന്റെ  എങ്ങുമുറക്കാത്ത  നോട്ടം  അടുത്ത പബ്ബിന്റെ  ബോർഡ് തേടിപ്പോയി . അവിടെ തൂങ്ങിയാടി .


2

സിംഗിൾ  മാൾട്ടിന്റെ  ഗന്ധം  ഉഛ്വാസത്തിൽ  കലർത്തി , വിക്രമാദിത്യന്റെ  ചുമലിൽ ചാരി  വേച്ചു വേച്ചു  നടന്ന  വേതാളം പൊടുന്നനെ  ചോദിച്ചു  - "ആരെയും ദ്രോഹിക്കരുത്  എന്നാലോച്ചിച്ച്  പിൻപറ്റി നടക്കുന്നവർക്കും , പിന്മാറുന്നവർക്കും  എന്തുകൊണ്ടാണ്  പലപ്പോഴും  നക്ഷ്ടങ്ങളും  പാരാജയങ്ങളും  സംഭവിക്കുന്നത് ?"

കുഴഞ്ഞ വാക്കുകൾ കൂട്ടിച്ചേർത്തെടുത്ത  വിക്രമാദിത്യൻ  ട്വക്കീല  ഷോട്ടിന്റെ  നാരങ്ങാ പുളിപ്പ്   കളയാനെന്നപോലെ  തല കുടഞ്ഞുകൊണ്ടു പറഞ്ഞു  -"അങ്ങനെയൊരാൾ ആലോചിച്ച്  നടക്കുന്നുവെങ്കിൽ  എല്ലാം അവരിലൂടെയാണ് കടന്നുപോകുന്നത്   എന്ന തോന്നലുകൊണ്ടാണ് . ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളുടെയും കർതൃത്വം സ്വയം ഏറ്റെടുക്കുകയാണിവർ. അത്  എളിമയോ  വിനയമോ  അല്ല.. അതൊക്കെ ആണെന്ന് തോന്നിപ്പിക്കുന്ന, നന്മയുടെ  കമ്പളം  പുതച്ച ഈഗോയുടെ പ്രകടനമാണ്  അത് .  അവർ പോലുമതറിയുന്നില്ല  എന്ന് മാത്രം.  പ്രകൃതി
നൽകിയ കഴിവുകളുടെ പേരിൽ   - അത്  സ്വന്തം  ബുദ്ധിയെക്കുറിച്ചോ , സൗന്ദര്യത്തെക്കുറിച്ചോ , നേതൃത്വപാടവത്തെ കുറിച്ചോ  ഒക്കെ ആവാം  -    അഹങ്കരിക്കുന്ന  ഏതൊരാൾക്കും  പ്രകൃതി  പാഠങ്ങൾ  പഠിപ്പിച്ചു കൊടുക്കും . അതാണ്  പ്രകൃതി  നിയമം . ആ  പാഠങ്ങൾ  ചിലപ്പോൾ  ജീവിതത്തിലെ നക്ഷ്ടങ്ങളുടെയും  വേദനകളുടെയും രൂപത്തിലാവാം " 


3.

സായന്തന സൂര്യന്റെ  സുവർണ്ണനിറം  വിസ്കി ഗ്ലാസിൽ  ചെരിഞ്ഞിറങ്ങി  തിളങ്ങുന്നത്  നോക്കിക്കൊണ്ടു  വേതാളം ചോദിച്ചു -"എന്താണ്  മനുഷ്യനെ മുന്നോട്ടു നയിക്കുന്നതും അവനെന്റെ വിധി നിർണ്ണയിക്കുന്നതും ?"

രണ്ടാമതൊന്നാലോചിക്കാൻ  സമയം കൊടുക്കാതെ വിക്രമാദിത്യൻ പറഞ്ഞു -"മനുഷ്യന്റെ അഹങ്കാരം, അല്ലെങ്കിൽ  'ഞാൻ' എന്ന ഭാവം , ആണ് ആണ്  അവൻ്റെ  വിധി നിർണ്ണയിക്കുന്നതും  ജീവിതത്തിനെ  മുന്നോട്ടു നയിക്കുന്നതും"

ഒരു നൊടി  നിശ്ശബ്ദനായി  ചിന്തിച്ച് വേതാളം  അടുത്ത ചോദ്യം എറിഞ്ഞു - "മഹാരാജൻ , അപ്പോൾ താങ്കൾ പറയുന്നത്  'അഹങ്കാരം' ഒരു നല്ല കാര്യമാണെന്നാണോ ? "

ഒരു ദീർഘ നിശ്വാസത്തോടെ വികാരമാദിത്യൻ പറഞ്ഞു  -"അഹങ്കാരത്തിന്  രണ്ട്  ഭാവമുണ്ട്. 'അഭിമാനബോധം' കലർന്നതും  'ദുരഭിമാനം' ചേർന്നതും. ജീവന്റെയും  അഹത്തിന്റെയും  ഉന്നതിക്കായി ഒരുവൻ അവൻ്റെ  വിശ്വാസങ്ങളിലും  നിലപാടുകളിലും ഉറച്ചുനിന്നുകൊണ്ട് എടുക്കുന്ന തീരുമാനങ്ങൾക്ക്  പിന്നിൽ അഭിമാനബോധം കലർന്ന അഹങ്കാരമാണ്. അത് അവനവനോട്  സത്യസന്ധത പുലർത്തിക്കൊണ്ട്   നിലനില്പ്പിനായി എടുക്കുന്ന തീരുമാനമാണ്. അത്‌കൊണ്ട് തന്നെ ചെയ്യാൻ പോകുന്ന കർമ്മം  ശരിയായാലും  തെറ്റായാലും  സത്യസന്ധതയിലൂന്നി  എടുത്ത തീരുമാനമായതുകൊണ്ട് അത്  ശ്രേഷ്ഠമാണ്. മറിച്ച്  സ്വന്തം  മനഃസ്സാക്ഷിക്കെതിരെ നിന്നുകൊണ്ട് എടുക്കുന്ന  തീരുമാനങ്ങൾ 'ദുരഭിമാനം' കലർന്നതാണ്. മനുഷ്യന്റെ  പരാജയങ്ങളും , നിസ്സഹായാവസ്ഥയും മറ്റു യഥാർത്ഥ മാനസ്സികാവസ്ഥകളും  തുറന്നു പറയുന്നതിൽ നിന്നും  അവനെ വിലക്കുന്നത് അവൻ്റെ  ദുരഭിമാനം ആണ്. ദുരഭിമാനം മൂലം  ജീവിതം നശിച്ചാലും പലർക്കും അതു മാറ്റാൻ കഴിയാത്ത വിധം അവരുടെ വ്യക്തിത്വത്തിൻ്റെ  ഭാഗമായി മാറിപ്പോകും. അത്രത്തോളം ശക്തമാണത്.  അതുകൊണ്ടു തന്നെ ദുരഭിമാനത്തെ അതിജീവിക്കുന്നവനാണ്  ധീരൻ. അവനവന്റെ അഹങ്കാരത്തിൽ നിന്നും പൂർണ്ണമായും വിടുതൽ  നേടി, എല്ലാമേകമെന്നു കാണാൻ കഴിയുന്ന നിലയിലേക്ക്  വളരാൻ കഴിയുന്നതാണ് മനുഷ്യന്റെ  ധിഷണക്ക്  എത്താവുന്ന  പരമപദം."

No comments: