എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Thursday, 29 April 2010

ഷെര്‍ളിയുടെ മായകാഴ്ച്ചകള്‍

കുരിശടിയില്‍ നില്‍ക്കുന്ന കര്‍ത്താവ്‌ തിരു ഹ്രദയത്തില്‍ നിന്നും വാര്‍ന്നോഴുകുന്ന രക്തവുമായി പടിയിറങ്ങുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് പുലര്‍ച്ചെ ഷെര്‍ളി കിടക്കയില്‍ നിന്നും എഴുന്നേറ്റത്‌. ദേഹത്ത്തൊക്കെ നല്ല വേദനയും തോന്നി. കുളിമുറിയില്‍ കയറി യാന്ത്രികമായി പേസ്റ്റ് എടുത്ത്‌ ബ്രുഷില്‍ തേച്ച് കണ്ണ് തുറക്കാതെ തന്നെ പല്ല് തേക്കാന്‍ തുടങ്ങി. തൊട്ടു പുറകിലൊരു സാമീപ്യം അവളറിഞ്ഞിട്ടും കണ്ണ് തുറന്നില്ല. രണ്ടു കൈത്തണ്ടകളിലും മൃദുവായി തലോടുന്ന ആ കൈകളിലേക്ക് കണ്ണ് തുറന്നു നോക്കണമെന്ന് അവള്‍ക്കു തോന്നിയെങ്കിലും ഒന്നിനും കഴിയാതെ അവള്‍ പല്ല് തേച്ചുകൊണ്ടു തന്നെ നിന്നു.

ഷവറിന്റെ അടിയില്‍ നില്‍ക്കുമ്പോഴും കരുത്തുറ്റ ഒരു ശരീരം ദേഹത്തോടു ചേര്‍ന്ന് ചൂടു പകരുന്നത് ആസ്വദിച്ചുകൊണ്ട്‌ അവള്‍ കുളിച്ചു. ശരീരത്തിന്‍റെ നിലവിളികളെ അമര്‍ത്തി തലോടി അവള്‍ ആശ്വാസം കൊടുത്തു. സോപ്പ് പതയില്‍ അവള്‍ ഒരാരാമം മുഴുവന്‍ മണത്തു.

കുന്നിന്‍ മുകളില്‍ നിന്നും വെള്ളരി പ്രാവുകള്‍ താഴ്വരയിലേക്ക് പറന്നിറങ്ങുമ്പോള്‍‍, ആഞ്ഞു വീശുന്ന കാറ്റിനെ മൊത്തമായി ആവാഹിക്കാനെന്നപോലെ കൈകളും കാലുകളും വിടര്‍ത്തി നില്‍ക്കുകയായിരുന്നു അവള്‍. നാല് നാള്‍ മുന്‍പ്‌ പിരിഞ്ഞുപോയ കാമുകന്‍ നല്‍കിയ വേദന മനസ്സിലും, കഴിഞ്ഞ രാത്രിയില്‍ മദ്യലഹരിയില്‍ ആരൊക്കെയോ നല്‍കിയ വേദന ശരീരത്തിലും പേറി നില്‍ക്കുമ്പോള്‍ ഷെര്‍ളി സ്വയം മറന്നു.

എന്നേക്കുമായി ഉറങ്ങാന്‍ മരുന്ന് കഴിച്ച് ആത്മാക്കള്‍ മേയുന്ന താഴ്വരയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ അവള്‍ ഷെര്‍ളി എന്ന പെണ്കുട്ടി ‍ആയിരുന്നില്ല; നല്ലവനായ ആട്ടിടയനു എന്നേക്കുമായി നഷ്ടപ്പെട്ടു പോയ കുഞ്ഞാടായിരുന്നു.

യവനദേശത്തൊരു കുന്നിന്‍ പുറത്ത്‌ തുള്ളിച്ചാടി നടന്നിരുന്ന ഒരു കുഞ്ഞാട്.