എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Showing posts with label jonavan. Show all posts
Showing posts with label jonavan. Show all posts

Friday, 9 October 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 9

കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ, കൃത്യമായി പറഞ്ഞാൽ, 2009 October 4 ന്‌, ജോനവൻ എന്ന പേരിൽ Blogൽ കവിതകൾ എഴുതിക്കൊണ്ടിരുന്ന നവീൻ ജോർജ്ജ്‌ ഒരു അപകടത്തിൽപ്പെട്ടു മരണമടഞ്ഞു. (അദ്ദേഹത്തിന്റെ ബ്ലോഗ്‌ - http://pottakkalam.blogspot.com//). ഞാൻ മലയാളം ബ്ലോഗ്‌ എഴുതിത്തുടങ്ങിയ ശേഷം, ആദ്യമായി ഒരു മലയാളി ബ്ലോഗർ മരണപ്പെട്ടതറിയുന്നു. ഒരുപാടു പേരുടെ പ്രാർത്ഥനകൾ നവീന്റെ ആത്മാവിനു കൂട്ടാകുമെന്നു, അവസാന പോസ്റ്റിനുള്ള Comments കാണുമ്പോൾ അറിയാം. മുൻപൊരിക്കലും, കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്തവർ കൂടി, "എടാ" എന്നു സ്വാതന്ത്ര്യത്തോടെ വിളിച്ചു വിലപിക്കുന്നു.

അതിനു മുൻപത്തെ ദിവസങ്ങളിൽ തേക്കടിയിലെ ദുരന്തം. കുറച്ചു നാൾ മുൻപുമാത്രം വിവാഹം കഴിച്ചു, ജീവിതത്തെക്കുറിച്ചു ഒത്തിരി സ്വപ്നങ്ങൾ ഒരുമിച്ചു കണ്ട ഭാര്യയുടെ ജീവനറ്റ ശരീരത്തിലേക്കു ഇമവെട്ടാതെ നോക്കിയിരിക്കുന്ന ഡൽ ഹിക്കാരൻ ചെറുപ്പക്കരനെക്കുറിച്ചു വായിച്ചപ്പോഴും നൊമ്പരം തോന്നി. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, ചിലരുടെയെങ്കിലും ജീവിത്തത്തിലെ വേദനകൾ എന്റെ മനസ്സിനെയും നോവിക്കാറുണ്ട്‌.

ഏറെ ദുരന്തങ്ങളിലൂടെ കടന്നുപോവുന്തോറും മനസ്സിന്റെ സഹനശക്തി കൂടി, ഒരു തരം ദ്രഡത കൈവരും മനുഷ്യർക്ക്‌. മനുഷ്യന്റെ ഉള്ളിലെ മ്രുഗസഹജമായ വികാരങ്ങൾക്കു, മതിൽ പണിയുന്നതാണു സംസ്കാരമെങ്കിൽ, അവന്റെ ഉള്ളിലെ മാനുഷികതയെ അമർച്ച ചെയ്യുന്നതിനെയാണു "പക്വത" എന്നു പറയുന്നത്‌ എന്നു തോന്നിപ്പോവുന്നു.

ഞാൻ ഗുരുകുലത്തിൽ നിൽക്കുന്ന സമയത്ത്‌ എല്ലാ ദിവസവും ജീവിതത്തിലെ പ്രശ്നങ്ങളുമായി അനേകമാളുകൾ ഗുരുവിനെ കാണാൻ വരാറുണ്ടായിരുന്നു. ഗുരു സ്നേഹമായി സം സാരിക്കും, ചിലപ്പോൾ സാധ്യമായ പോംവഴികൾ പറഞ്ഞു കൊടുക്കും. ആദ്യമൊക്കെ ഞാൻ അത്തരം പ്രശ്നങ്ങൾ കേൾക്കുമ്പോൾ വളരെ വിഷമത്തോടെ "എന്തുകൊണ്ട്‌ ഇവർക്കിതു വന്നു?" എന്നു ചിന്തിക്കുമായിരുന്നു. പിന്നെ ഞാൻ സ്വയം ഒരു സമാധാനം കണ്ടെത്തി-"പ്രുക്രതി നിയമം".

ഒന്നു മാത്രം അറിയാം- മനുഷ്യന്റെ Objective ആയ (ഭൗതിക) പ്രശ്നങ്ങൾക്കു എപ്പോഴും ഒരു പോംവഴിയുണ്ടാകും, പക്ഷെ Subjective ആയ വിഷയങ്ങൾക്കു അങ്ങനെ ആവണമെന്നില്ല. നിസ്സഹായമായ, വിശ്വാസപൂർണ്ണമായ ഒരു പ്രാർത്ഥന മാത്രമേ പോംവഴിയുള്ളു എന്നു തിരിച്ചറിഞ്ഞതു കൊണ്ടാവണം വേദ മന്ത്രങ്ങളിൽ എല്ലാ പ്രാർത്ഥനകളുടെയും അവസാനം അദ്ധ്യാത്മികവും, അധിഭൗതികവും, അധിമാനുഷികവുമായ പ്രശ്നങ്ങൾക്കു ശാന്തി കിട്ടാൻ വേണ്ടി 3 തവണ "ശാന്തി, ശാന്തി, ശാന്തി" എന്നുരു വിട്ടിരുന്നത്‌.

സൃഷിടിക്കപ്പെട്ട ഒരോ ജന്മവും എന്നും അമരത്വം നേടാനുള്ള പോരാട്ടാത്തിൽ ആണ്‌ - മിക്കപ്പോഴും സ്വയം അതു തിരിച്ചറിയാൻ കഴിയാറില്ലെങ്കിലും. ഓരോരുത്തരും, ഓരോരോ വഴികളിലൂടെ അമരത്വത്തിലേക്കെത്താൻ ശ്രമിക്കുന്നു. ചിലർ ധനം സമ്പാദിച്ചു കൂട്ടുന്നു, ചിലർ കർമ്മങ്ങളിലൂടെ പേരു നിലനിർത്താൻ പാടുപെടുന്നു- - വിഫലമായ ഒരു ശ്രമം, ഒരു പോരാട്ടം. പക്ഷെ, നിരന്തരമായ ഈ പോരാട്ടം തന്നെയല്ലേ, ലോകത്തെയും ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്‌?

നമുക്കെന്തു ചെയ്യാൻ കഴിയും? നൂറ്റാണ്ടുകൾക്കു മുൻപ്‌ ഈ ചോദ്യവും മനസ്സിൽ പേറി, രാജസൗഭഗങ്ങൾ പിന്നിലുപേക്ഷിച്ചു ഇറങ്ങിയ രാജകുമാരൻ ബുദ്ധനായി. പക്ഷെ പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നു. മനുഷ്യന്റെ ഭൗതിക പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടി കാലാകാലങ്ങളിൽ ആശയ സംഹിതകളും, വിപ്ലവങ്ങളും ഉണ്ടായി. ഭൗതികവും, മാനുഷികവുമായ എല്ലാ പ്രശ്നങ്ങളും താൽകാലികമായി മാത്രമേ പരിഹരിക്കപ്പെടുന്നുള്ളു. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തിൽ വിജയമെന്നോ, പരാജയമെന്നോ തെളിവുകൾ തരാത്ത ആധ്യാത്മികതയിൽ മനുഷ്യർ അഭയം പ്രാപിക്കുന്നത്‌.

എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനു ചെയ്യാവുന്നത്‌ ഒരേ ഒരു കാര്യമേയുള്ളു. ജീവിതത്തിന്റെയും, പ്രക്രുതിയുടെയും നിയമങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കൻ ശ്രമിക്കുക. താരതമ്യങ്ങളും, മൽസരങ്ങളും ഒഴിവാക്കി സ്വന്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച്‌ ലളിതവും, സുന്ദരവുമായി ജീവിക്കുക. ജീവിച്ചുകാണിക്കാനല്ല, ചുമ്മ Happy ആയിട്ടു ജീവിക്കുക.