എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Sunday, 15 November 2009

മരുഭൂമികളിൽ ഉണ്ടാവുന്നത്‌..

എന്താണ്‌ മരുഭൂമിയിൽ ഉണ്ടാവുന്നത്‌?

കള്ളിമുൾച്ചെടി, എണ്ണപ്പന, മരുപ്പച്ചകൾ.

മരുഭൂമി എപ്പോഴും, നിശ്ചലവും, നിശ്ചേതനവുമായ ഒരു ഏകാന്തതയുടെ ചിത്രമാണ്‌ തരുന്നത്‌; ഊഷരമായ ഒരു ഏകാന്തത.

മരുഭൂമിയെ, മണൽക്കാട്‌ എന്നു പറയാറുണ്ട്‌, കവികൾ കടലെന്നും.

കടൽ.
എല്ലാവരും കടൽ കാണാൻ പോവാറുണ്ട്‌. ആഴങ്ങളിൽ രഹസ്യങ്ങളൊളിപ്പിച്ച്‌, ചെറുതിരകളിൽ എല്ലാ ഗാംഭീര്യവും ഉള്ളിലടക്കി ശാന്തമായി കിടക്കുന്ന കടൽ നമുക്കു എപ്പോഴും ഒരു കുട്ടിയുടെ മനസ്സു തരും - അംബരപ്പും, അദ്ഭുതവും, ഭയവും ഒക്കെയിടകലർന്ന ഒരു കുട്ടിയുടെ മനസ്സ്‌. നമുക്കറിയാം, നമ്മൾ കാണുന്ന കടലിന്റെ ശാന്തതക്കപ്പുറം അതിനു ക്ഷോഭത്തിന്റെ ഒരു വന്യമായ മുഖം ഉണ്ടെന്ന്, അതുപോലെ തന്നെ ഓളങ്ങളടക്കി, ചന്ദ്രികയിൽ കുളിച്ചു നിൽക്കുന്ന കാൽപനികവും, പ്രണയാതുരവുമായ മറ്റൊരു മുഖവും.

മരുഭൂമി.
മരുഭൂമിയിൽ പോകണം. മരുഭൂമിയിലെ മണൽകൂനകൾ മാത്രം അതിരുടുന്ന ഒരിടത്ത്‌, പുറം ലോകത്തിന്റെ ബഹളങ്ങളിലും, കാഴ്ച്കകളിലും നിന്നെല്ലാം ഒഴിഞ്ഞ്‌ ഒറ്റക്കവിടെ കുറച്ചു നേരം നിൽക്കണം. ഒരു ദിവസം, പൂർണ്ണ ചന്ദ്രനുള്ള ഒരു രാത്രിയും കൂടി അവിടെ കഴിയണം. അന്നു മനസ്സിലാവും, കടലിനോളം ആഴമുണ്ട്‌, മരുഭൂമിയുടെ മൗനത്തിനെന്ന്.

ഞാനും നീയും കടൽ തീരത്ത്‌ നിന്നപ്പോൾ.
ഒരു കടലുണ്ടായിരുന്നു ഉള്ളിൽ. എപ്പോഴും ചെറുതിരകൾ ഓളമിടുകയും, ഇടക്കൊക്കെ ക്ഷോഭിക്കുകയും, പ്രണയിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു മനസ്സുമായി. കടൽ കാണാനും, അതിലൊന്നിറങ്ങാനും പലരും വരുമായിരുന്നു. ആഴങ്ങളിൽ അരുമയോടെ കണ്ണും നട്ട്‌ അമ്മയുണ്ടായിരുന്നു. മണലിൽ പതഞ്ഞു കയറുന്ന തിരത്തല്ലലിൽ, കാൽ തട്ടി വെള്ളം തെറിപ്പിച്ച്‌, അലസമായി നടക്കാൻ പലരും വരുമായിരുന്നു...

ഇപ്പോൾ - ഞാനും നീയും മണൽക്കുന്നുകളിൽ നിൽക്കുമ്പോൾ.

ആരും വരില്ല, അടുത്ത്‌. ഒറ്റക്കാണ്‌. പക്ഷെ അതിഷ്ടപ്പെട്ടു പോവും. ഒന്നനങ്ങാൻ ഒരു മരത്തലപ്പു പോലും ഇല്ലാതെ, അനാദിയായ മൗനം നിറഞ്ഞു നിൽക്കുകയാണീ മരുഭൂവിൽ. എങ്ങും തട്ടി ഒരു ശബ്ദ്മുണ്ടാക്കാൻ പോലും കഴിയാത്ത കാറ്റിന്റെ അമർഷം ചിലപ്പോൾ ഹുങ്കാരം പോലെ കേൾക്കാം. മൗനം പേടിപ്പെടുത്തുമ്പോൾ, മനസ്സു മരുഭൂമിയാവുന്നു എന്നു ഭയത്തോടെ തിരിച്ചറിയുമ്പോൾ , മരുപ്പച്ച തേടി ഞാൻ മണൽക്കൂനകൾ താണ്ടും.


അതുവരെ ഒരാളോടും മിണ്ടാനില്ലാതെ ഒറ്റക്കു നടന്നവൻ, മരുപ്പച്ചയിൽ കണ്ടവരോടു വാ തോരാതെ വർത്തമാനം പറയാൻ തുടങ്ങും. എവിടുന്നോ വന്നവർ എന്റെ ബന്ധുക്കളാവും.

എന്റെ മനസ്സിലെ മണൽക്കുന്നുകളിൽ ഈർപ്പം പടർന്നു തുടങ്ങുമ്പോൾ, അവിടമൊരു കടലായെങ്കിൽ എന്നു വെറുതെ മോഹിക്കും. കടലിന്റെ നാട്ടിലേക്കു ഞാൻ എഴുതുന്ന കത്തുകളിൽ, കവിത നിറക്കും, കഥ പറയും.

എന്റെ വിഭ്രാന്തി കണ്ട്‌ കടൽകണ്ടു നടക്കുന്നവർ ചിരിക്കും.

നിങ്ങൾ - കടൽ കണ്ടു നിൽക്കുന്നവർ
കടൽ കണ്ടു നിറഞ്ഞ നിങ്ങൾ ഒരിക്കൽ മരുഭൂമിയിൽ പോകണം. മരുഭൂമിയിലെ മണൽകൂനകൾ മാത്രം അതിരുടുന്ന ഒരിടത്ത്‌, പുറം ലോകത്തിന്റെ ബഹളങ്ങളിലും, കാഴ്ച്കകളിലും നിന്നെല്ലാം ഒഴിഞ്ഞ്‌ ഒറ്റക്കവിടെ കുറച്ചു നേരം നിൽക്കണം. ഒരു ദിവസം, പൂർണ്ണ ചന്ദ്രനുള്ള ഒരു രാത്രിയും കൂടി അവിടെ കഴിയണം. അന്നു മനസ്സിലാവും, കടലിനോളം ആഴമുണ്ട്‌, മരുഭൂമിയുടെ മൗനത്തിനെന്ന്.

പിന്നെ നിങ്ങൾ ഒരിക്കലും എന്റെ വിഭ്രാന്തി കണ്ട്‌ ചിരിക്കില്ല. പിന്നെപ്പിന്നെ, നിങ്ങൾക്കു തോന്നിത്തുടങ്ങും, മരുഭൂമിയിൽ നിൽക്കുന്ന ഞാനാണു കടലിന്റെ ആഴം കൂടുതൽ കാണുന്നതെന്ന്; അല്ലെങ്കിൽ കാണാൻ നോക്കുന്നതെന്ന്!

അങ്ങനെ നോക്കിയിരിക്കെ,  മണൽക്കാട്ടിൽ കടൽ നിറയുന്നതു നിങ്ങൾക്കും കാണാം.

12 comments:

★ Shine said...

മരുഭൂമിയിൽ Blogger മാർ ഉണ്ടാവുന്നത്‌ എങ്ങനെ എന്നും ഇതിൽ വായിച്ചെടുക്കാമല്ലോ, അല്ലേ?

:-)

pandavas... said...

ഞാനും കൂടുന്നു..ഈ വാ‍ക്കുകളോട്.
അല്ലെങ്കില്‍തന്നെ എങനെ കൂടാതിരിക്കാനാകും.
നിമിത്തങളില്‍ വിശ്വസിക്കാന്‍ തോനുന്നതിപ്പോഴാണ്. മലയില്‍ പെയ്തു വീണ മഴത്തുള്ളി ഒഴുകിയൊഴുകി കടല്‍ക്കരയിലെത്തി അവിടെ വച്ച് ഒരു കുട്ടിയുടെ കാലില്‍ തൊടുന്നതുപോലെ. രക്തബന്ധങള്‍ മാറിനില്‍ക്കുന്ന ചില ബന്ധങളുണ്ട് ആരും പറഞു തരേണ്ട അത്. എവിടെ നിന്നായാലും ഒരിക്കല്‍ അതു വന്നു ചേരുകതന്നെ ചെയ്യും. അത് ആത്മബന്ധമാണ്,
ആത്മാവുകളുടെ കൂടിചേരലുകള്‍.


മരുഭൂമിയില്‍ കടലു വന്ന് നിറയട്ടെ...

Typist | എഴുത്തുകാരി said...

അതു ശരി, അപ്പോള്‍ ഇങ്ങനെയാണ് നമ്മുടെ പ്രവാസി ബ്ലോഗര്‍മാരൊക്കെ (ഭൂരിഭാഗം) ഉണ്ടായത്‌ അല്ലേ!

Ranjith chemmad / ചെമ്മാടൻ said...

അങ്ങനെ, അങ്ങനെ മരുമൂഭിയില്‍
നിലാവ് പെയ്ത് പതഞ്ഞു പൊങ്ങുന്നു അല്ലേ, കുട്ടേട്ടാ...
നന്നായിയെഴുതി.....!

ശ്രീ said...

"പിന്നെപ്പിന്നെ, നിങ്ങൾക്കു തോന്നിത്തുടങ്ങും, മരുഭൂമിയിൽ നിൽക്കുന്ന ഞാനാണു കടലിന്റെ ആഴം കൂടുതൽ കാണുന്നതെന്ന്; അല്ലെങ്കിൽ കാണാൻ നോക്കുന്നതെന്ന്!"

കൊള്ളാം കുട്ടേട്ടാ...

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
നല്ല ചിന്തകള്‍.

ബിനോയ്//HariNav said...

നന്നായി എഴുതിയിരിക്കുന്നു ഷൈന്‍‌ജീ. പൊരുള്‍ മുഴുവനായി മനസ്സിലാക്കണമെങ്കില്‍ ഷൈന്‍ പറഞ്ഞ പോലെ മരുഭൂമയിലെ അനുഭവങ്ങളുടെ സ്പര്‍ശം ഹൃദയത്തിലുണ്ടാകണം. ആശംസകള്‍ :)

★ Shine said...

അഭിപ്രായങ്ങൾ പറഞ്ഞവരോടെല്ലാം നന്ദി. ഇവിടെ അഭിപ്രായം പറഞ്ഞവർ കൂടുതലും ചെറുപ്പക്കാർ ആണെന്ന കാര്യം എനിക്കു വളരെ സന്തോഷം തരുന്നു. മാനസികവും, ഭൗതികവുമായ തലത്തിൽ balance ചെയ്യാൻ ശ്രമിക്കുന്ന ഒരു തലമുറ എപ്പോഴും ശുഭപ്രതീക്ഷ തരുന്നു.

പട്ടേപ്പാടം റാംജി said...

ഇപ്പൊ മനസ്സിലായി.. കൊള്ളം മഷെ കണ്ടുപിടുത്തം

Anil cheleri kumaran said...

variety post and thoughts...

ശ്രീജ എന്‍ എസ് said...

"കടലിനോളം ആഴമുണ്ട്‌, മരുഭൂമിയുടെ മൗനത്തിനെന്ന്"..ഒരിക്കലും ഒരു മരുഭൂമി കണ്ടിട്ടില്ല..അവിടെ എത്തിപ്പെട്ടാല്‍ എങ്ങനെ ആയിരിക്കും എന്ന് ഞാന്‍ ചിന്തിച്ചിട്ടുമില്ല..ഒരു അലോസരവുമില്ലാത്ത അവസാനമില്ലാത്ത മൌനം എങ്ങനെ ആയിരിക്കും..അതി തീവ്രമായി പ്രണയിക്കുന്നവരുടെ ഇടയില്‍ സുഖമുള്ള മൌനം ഉണ്ടാവുമെന്ന് ഞാന്‍ കരുതാറുണ്ട്‌..സത്യമാണോ എന്നറിയില്ല എങ്കിലും..
കടലിനോടു ആത്മബന്ധമാണ്..എത്ര പ്രക്ഷുബ്ദമായ മനസ്സുമായി ചെന്നാലും അവസാനം സ്വസ്ഥമായി മാത്രമേ മടങ്ങിയിട്ടുള്ളൂ..ഓഷോയുടെ ബുക്കില്‍ പറയുന്നത് ഗര്‍ഭ പാത്രത്തിലെതിനു സമാനമാണ് കടല്‍ തീരത്തെ അവസ്ഥയെന്നാണ്..അതായിരിക്കാം അവിടെ എത്തുമ്പോള്‍ മനസ്സ് ശാന്തം ആവുന്നത്...
നന്നായി എഴുതി...ആശംസകള്‍...

Binu Raghavan said...

Liking it... :-)

http://www.speedyadverts.com/SATopics/html/billmcdonald2.html