എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Showing posts with label malayalam short story. Show all posts
Showing posts with label malayalam short story. Show all posts

Thursday, 5 November 2009

അയനാന്തം

നെറ്റിയോടു കൈപ്പടം ചേർത്തു വെച്ച്‌ വൃദ്ധന്‍ കത്തുന്ന വെയിലിനെ തലയുയർത്തി നോക്കി..

ഇലകൊഴിഞ്ഞസ്ഥിപഞ്ജരം പോലെയായ മരച്ചില്ലകൾക്കിടയിൽ കൂടി, താണുപറക്കുന്ന ഒരു കഴുകനെ മാത്രം കണ്ടു. അയാളുടെ കണ്ണുകൾ വളരെ സാവധാനം വട്ടമിടുന്ന കഴുകനോടൊപ്പം കറങ്ങി..

വേനലിന്റെ ഉഷ്ണം പുറത്തുകൂടി വിയർപ്പു ചാലുകളായി ഒഴുകിത്തുടങ്ങി..വരണ്ടുണങ്ങിയ ചുണ്ടുകൾ നാവുകൊണ്ടു നനച്ച്‌ അയാൾ കയ്യിലിരുന്ന വടി നിലത്തു കുത്തിപ്പിടിച്ച്‌ അതിൽ മുഖം മറച്ചെന്ന പോലെ ഇരുന്നു..

പാടത്തിന്റെ വരമ്പിലുള്ള ആ ചെമ്മൺ പാതയിലൂടെ പൊടിപറത്തിക്കൊണ്ടു ഒരു car പാഞ്ഞു പോയി..വീണ്ടു കീറിയ പാടത്തിന്റെ അങ്ങേ അറ്റത്തുള്ള കുടിലിലേക്കു അയാൾ തല ചെരിച്ചു നോക്കി. രണ്ടു ചെറിയ കുട്ടികൾ അവിടെ കൂരയുടെ താഴേ ഇറമ്പിൽ ഇരിക്കുന്നത്‌ അയാൾക്കു കാണാമായിരുന്നു. എന്തോ പിറുപിറുത്തു കൊണ്ട്‌ വൃദ്ധന്‍ തല തിരിച്ചു, കാൽകീഴിലൂടെ ഇഴയുന്ന ചോനലുറുമ്പുകളെ നോക്കിയിരുന്നു..
********

ഉടുപ്പിന്റെ കുടുക്കുകൾ ധ്രുതിയിൽ ഇടുന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ട്‌, കറുത്തുറച്ച തുടകളിൽ തടവി അവൾ കിടന്നു.. വിയർപ്പിൽ കുതിർന്നിരുന്നു അവളുടെ ശരീരം.

"ങും..? എന്താ? ഇനി കാശു വല്ലതും വേണോ?" തിരിഞ്ഞു നോക്കാതെ തന്നെ അയാൾ ചോദിച്ചു.

അവൾ ശബ്ദമില്ലാതെ ചിരിച്ചു, ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കിക്കിടന്നു.

പായയുടെ ഓരത്തു കിടന്ന മുണ്ടു വലിച്ചെടുക്കുമ്പോൾ അവളോർത്തു -കുഞ്ഞുങ്ങളെ നോക്കിക്കോണമെന്നു പറഞ്ഞതാ, ആർക്കറിയാം...

നല്ല വേദന..കുറച്ചുകൂടി കിടക്കണമെന്നു തോന്നുന്നു..

അവൾ കണ്ണുകളട്ക്കുമ്പോൾ അയാൾ അവളുടെ അടുത്തു വന്നു.

"ഞാൻ വെള്ളിയാഴ്ച ഈ വഴി റിട്ടേൺ വരും..അന്നു വരും, ചിലപ്പോ അന്തി ആയേക്കും...നിനക്കു ടൗണിൽ നിന്നും വല്ലതും വാങ്ങണോ?"

പെട്ടന്നവൾ കണ്ണു തുറന്നു പറഞ്ഞു "ഒരു മരുന്നു കുറിപ്പടി ഉണ്ട്‌..ആ മരുന്നു വാങ്ങിച്ചോണ്ടു വരാമോ?"

"ശരി, എടുക്ക്‌..കിട്ടിയാൽ വാങ്ങാം..ആർക്കാടീ ദീനം?" ഒരു പരിഹാസച്ചുവയോടെയാണ്‌ അയാൾ ചോദിച്ചത്‌...

"പിള്ളാർക്കു രണ്ടു പേർക്കും അസുഖമാ..വയറുകടി..പിന്നെ അപ്പനു വലിവും" പറഞ്ഞു കൊണ്ട്‌ അവൾ എഴുന്നേറ്റു മുണ്ടു മുലകളുടെ മേലെ കെട്ടി, മൂലക്കിരുന്ന തകരപ്പെട്ടിയുടെ മുകളിൽ ഇരുന്ന കുറിപ്പടി അയാളുടെ കയ്യിൽ കൊടുത്തു.

"അണ്ണാ, മരുന്നു വാങ്ങിയില്ലേൽ കുറിപ്പടി കളയല്ലേ" അവളോർമ്മിപ്പിച്ചു..

മുണ്ടു പൊതിഞ്ഞ അവളുടെ മദിപ്പിക്കുന്ന ശരീരത്തിലേക്കു നോക്കിക്കൊണ്ടയാൾ കുറിപ്പു വാങ്ങിയിറങ്ങി.. പെട്ടെന്നെന്തോ ഓർത്തപോലെ അയാൾ തിരിഞ്ഞു ചോദിച്ചു "നിന്റെ ആങ്ങളച്ചെറുക്കൻ എന്നാടീ വരുന്നത്‌? ഇവിടുന്നു പോയവന്മാരെല്ലാം തിരിച്ചു വരുവാണല്ലോ?"

*********

കുഞ്ഞുങ്ങൾ കഞ്ഞിയും, കറിയും വെച്ചു കഴിഞ്ഞു. ഇപ്പോൾ അവർ ചെമ്പരത്തിപ്പൂവിന്റെ ഉള്ളിലെ മഞ്ഞമൊട്ടുകളിൽ നാവു തൊട്ടു രുചിക്കുകയായിരുന്നു. ഇലകൾ നുള്ളിക്കീറി ചിരട്ടയിൽ വെച്ച കറി, ഇളയവളുടെ കാൽ തട്ടി ചിതറി വീണു..മൂത്തവൾ അമ്മയായി - "എന്തുവാ മോളെ ഇത്‌? ഇനിയും എനിക്കു കറിവെക്കാനൊന്നും വയ്യാ.. ഓ ഇനിയിപ്പൊ ഒള്ളതു കൂട്ടി തിന്നാം."

പുരയുടെ വടക്കെപ്പുറത്തുള്ള ഇറക്കത്തിൽ ആയിരുന്നു അവർ ഇരുന്നത്‌. ഇലകൾ ഉണങ്ങിയ രണ്ടു കൈതകൾ കുറ്റി മാത്രമായി അവിടെ നിൽപ്പുണ്ടായിരുന്നു..അതിനപ്പുറത്ത്‌ ചെമ്പരത്തിയും, കൈനാറിപ്പൂവും..

വിശക്കുന്നു. ഇളയവളാണു ആദ്യം കണ്ടത്‌, ലോറിമാമൻ പെരേടെ ഉള്ളീന്നു ഇറങ്ങി വരുന്നു. അവൾക്കു ഒത്തിരി സന്തോഷം തോന്നി..ഇനിയിപ്പം മാമൻ മന്ത്രം ചൊല്ലി വരുത്തിയ പൊറോട്ടെം, ഇറച്ചിയും കിട്ടും..ചിലപ്പം ചോറും, കറിയും കാണും..അവൾക്കിഷ്ടമായിരുന്നു ആ മാമനെ..എപ്പം വന്നാലും തിന്നാൻ കിട്ടും.. അമ്മ പറഞ്ഞതാ ആ മാമൻ വലിയ മന്ത്രവാദിയാ, നമ്മുക്കു വയറു നിറച്ചു തിന്നാൻ തരുമെന്നു. പക്ഷെ മാമൻ മന്ത്രം ചെയ്യുമ്പം ആരും കാണരുത്‌.. ഭൂതം തരുന്നത്‌ വാങ്ങി വെക്കാൻ അമ്മ മാത്രം മാമന്റെ കൂടെ നിക്കണം.

ചില ദിവസം രാത്രിയിൽ ഭൂതങ്ങൾ വരും..അന്നേരം മിണ്ടരുതെന്നു അമ്മ പറഞ്ഞിട്ടുണ്ട്‌. വാതിലിൽ മുട്ടു കേൾക്കുമ്പം അമ്മ ശബ്ദമുണ്ടാക്കാതെ അടുക്കളയിലെ ചായ്പ്പിൽ കൊണ്ടുകിടത്തും. അമ്മയെടുക്കുന്നത്‌ അറിഞ്ഞാലും കണ്ണു തുറക്കാതെ കിടക്കും. ഭൂതങ്ങൾ അമ്മെ ഒന്നും ചെയ്യില്ല..പക്ഷെ എനിക്കു പേടിയാ..കണ്ണുകൾ മുറുക്കിയടക്കും.

പിന്നെ കണ്ണടച്ചു പിടിച്ച്‌ കാതോർത്തു കിടക്കും.. ചിലപ്പോ അമ്മയുടെ അടക്കിപ്പിടിച്ച നിലവിളി കേൾക്കാം..ഭൂതങ്ങളുടെ ചിരിയും, മുരൾച്ചയും.. ചിലപ്പം അമ്മ അടക്കി ചിരിക്കുന്നതു കേൾക്കാം.. ഭൂതങ്ങൾ ഇക്കിളിപ്പെടുത്തുന്നതാരിക്കും.

മൂത്തവൾ, അനിയത്തിയെ കയ്യിൽ വലിച്ചുകൊണ്ടു മുറ്റത്തേക്കുള്ള കല്ലുകൾ ചവിട്ടി കയറി, അവൾക്കു വയ്യാ, അല്ലെങ്കിൽ കുഞ്ഞിനെ എടുത്തേനെ..

********************

അമ്മ പൊതിയഴിച്ചു വെച്ചിട്ടു കുട്ടികളെ വിളിച്ചു. "പിള്ളാരേ വേഗം വാ.. വന്നു തിന്ന്." പൊറോട്ടയും, മുട്ടക്കറിയും. കൊച്ചുകുഞ്ഞിനു മുട്ട ഇഷ്ടമല്ലല്ലോ എന്നമ്മ ഓർത്തു..

കുട്ടികൾ പടി കയറി വരുന്നത്‌ നോക്കിക്കൊണ്ട്‌ മറ്റേ പൊതിയഴിച്ചു. ചോറും, ഇറച്ചിക്കറിയുമുണ്ട്‌. അതിൽ കുറച്ചെടുത്ത്‌ ഇലയിൽ വെചു.

"അചാച്ചനെന്തിയേ മക്കളെ?"

"കണ്ടത്തിനപ്പുറത്തൊണ്ടു അമ്മേ.." മൂത്തവൾ പുറത്തേക്കു ചൂണ്ടിപ്പറഞ്ഞു.

അമ്മ ഒന്നും പറഞ്ഞില്ല. അടുക്കളയിൽ നിന്നും ഒരു പിഞ്ഞാണമെടുത്തു കൊണ്ടുവന്ന് കിഴവനു വേണ്ടി ചോറും, കറിയും ഏടുത്തു വെച്ചു.
**************

"എന്താടാ തൂങ്ങിയിരിക്കുന്നത്‌, ഒരു ജോലി പോയാൽ വേറെ വരും. നീ ഇങ്ങോട്ടു വരുന്നത്തിനു മുൻപ്‌ കളക്ടർ ഉദ്യോഗം ഒന്നും അല്ലാരുന്നല്ലോ, നാട്ടില്‌... രണ്ടെണ്ണം എടുത്തു പിടിപ്പിക്കടാ മയിരേ.."

അച്ചായൻ നല്ല ഫിറ്റായെന്നവനു തോന്നി. മിനങ്ങാന്നണ്‌ എല്ലാവർക്കും termination paper കിട്ടിയത്‌..വേറെ ജോലി നോക്കാൻ പോലും സമയം തന്നിട്ടില്ല..

അച്ചായന്റെ കണ്ണു നിറഞ്ഞിരിക്കുന്നു. അയൾക്ക്‌ നല്ല പേടിയുണ്ട്‌.. 3 പെണ്ണുങ്ങൾ കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നു..ഉള്ള വസ്തു പണയപ്പെടുത്തിയാ 7 മാസം മുൻപിങ്ങോട്ടു പോന്നത്‌..ഇനി എന്തു ചെയ്യും?

ഇന്നലെ റാസൽ ഖൈമെയിൽ ഒരു ലേബർ ആത്മഹത്യ ചെയ്തു എന്നു കഫ്തീരിയയിൽ വെച്ചു കേട്ടപ്പോൾ എല്ലാവരും പെട്ടെന്നു മിണ്ടാട്ടമില്ലാതെ ആയി.. അതു കഴിഞ്ഞപ്പം മുതൽ എല്ലാവരും തമ്മിൽ തമ്മിൽ സംശയത്തോടെയാ നോക്കുന്നതെന്നവനു തോന്നി.

രണ്ടുകൊല്ലം കൊണ്ടു വന്ന കടം വീടി..നാട്ടിൽ നിന്നപ്പോ മൈക്കാഡ്‌ പണിക്കു പോകുന്ന കാശ്‌ കൊണ്ടു വീട്ടിൽ പട്ടിണിയില്ലാതെ കഴിയാമായിരുന്നു...ചെത്തുകാരൻ പൊടിയന്റെ മോൻ പോയപ്പം ചേച്ചിയെക്കണ്ട്‌ കാര്യങ്ങൾ അറിഞ്ഞു വരണമെന്നു പറഞ്ഞാരുന്നു..അപ്പനു വലിവു കൂടുതൽ ആണെന്നവൻ പറഞ്ഞു.

3 മണി ആയി..ഇതുവരെ ചോറുണ്ടില്ല...രണ്ടുദിവസമായിട്ട്‌ കുബ്ബൂസും തൈരും അച്ചാറുമാ തിന്നുന്നത്‌..ഇന്നച്ചായൻ പോയി അരി വാങ്ങിക്കൊണ്ടു വന്നു ചോറു വെച്ചു..കുറച്ചു പരിപ്പിരുന്നതെടുത്ത്‌ മഞ്ഞളും, ഉപ്പും, പച്ച മുളകും മാത്രമിട്ട്‌ കറിയാക്കി.. വെക്കുമ്പോൾ നല്ല ആർത്തി തോന്നി. പക്ഷെ ഇപ്പോ വിശപ്പില്ല; വിശപ്പു കെട്ടുപോയി.

അച്ചായനെ വിളിച്ചപ്പോൾ അയാൾക്കിപ്പോ വേണ്ട.. കുടി തന്നെ കുടി..

ഒരു പാത്രത്തിൽ രണ്ടു തവി എടുത്തു.. പേരിനും മാത്രം കഴിക്കാം..ഇല്ലേൽ അച്ചായൻ വെച്ചതു കഴിച്ചില്ലന്നും, പറഞ്ഞു കരയാൻ തുടങ്ങും..

ഉരുള ഉരുട്ടിക്കൊണ്ടിരുന്നു..വെറുതെ.. ചുമ്മാതെ വലുപ്പം കൂട്ടി ഉരുളയുരുട്ടി..ബലിച്ചോറു പോലെ അവനു തോന്നി..അവൻ അതുടച്ചു..ഉണ്ണാൻ തോന്നുന്നില്ല.. പാത്രം അടച്ചുവെച്ചവനെഴുന്നേറ്റു.
*******************

മരച്ചില്ലകളുടെ നിഴൽ കിഴക്കോട്ടു നീണ്ടു. എന്നിട്ടും ചൂടിനു കുറവില്ല.. വഴിയും, വയൽ വരമ്പും ആൾക്കാരില്ലാതെ വിജനമായിരുന്നു.

വൃദ്ധന്‍ മരച്ചുവട്ടിൽ, തായ്‌വേരിനോടു ചേർന്നിരുപ്പുണ്ടായിരുന്നു. താഴെക്കിടന്ന വടിയിലൂടെ, ശവംതീനിയുറുമ്പുകൾ അയാളുടെ മുഖത്തേക്കു കയറിപ്പടർന്നു.

ചോറുകിട്ടാതെ ബലികാക്കൾ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.

Monday, 2 November 2009

പ്രണയപർവ്വം

ടൗണിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു എന്തിനായിരിക്കും മയൂരി കാണണമെന്നു പറഞ്ഞത്‌? പെട്ടെന്നു കുറിച്ചതുപോലെ രണ്ടുവരിയിൽ ഉള്ള mail കണ്ടപ്പോൾ അത്ഭുതം തോന്നി- "പൂച്ചക്കണ്ണാ, എനിക്കിന്നു നിന്നെ കാണണം. അത്യാവശ്യം. Carebbian Coffee shopൽ വൈകിട്ട്‌ 7ന്‌"

ചിരി വരുന്നു.. അമ്മ ഇന്നുകൂടി പറഞ്ഞതെ ഉള്ളു അവളുടെ ഒരു photo അയച്ചുകൊടുക്കാൻ..അമ്മക്കറിയാമോ എന്റെ അവസ്ഥ? അല്ലെങ്കിൽ അമ്മെ എന്തിനു കുറ്റം പറയണം..കഴിഞ്ഞ 3 മാസമായി നിത്യവും chat ലും mailഉം ഒക്കെയായി സംസാരിക്കുകയും, ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയും ചെയ്ത പെൺകുട്ടിയുടെ ചിത്രം കയ്യിൽ ഇല്ല എന്നു പറഞ്ഞാൽ..

ഇപ്പോഴും ശരിക്കും അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല..ഒന്നടുത്തു കാണാൻ ശ്രമിച്ചിട്ട്‌ അവൾ എപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു...പക്ഷെ അവളോടു കൂടുതൽ സ്നേഹമാണു തോന്നുന്നത്‌..വീട്ടിൽ നിന്നും അകന്ന്, ഈ നഗരത്തിൽ നിൽക്കുമ്പോഴും അവൾ, വീട്ടിൽ പഠിച്ചതെന്നെപ്പോഴും പറയുന്ന അച്ചടക്കം കൈവിട്ടിട്ടില്ല..കുഞ്ഞമ്മ എപ്പഴും പറയുമായിരുന്നു "നീ ഭാഗ്യവാനാണു മോനെ, നിനക്കു നിറവിളക്കു തെളിഞ്ഞപോലെ ഒരു പെണ്ണു കിട്ടുമെന്നു" ...

ശരിയാണു കുഞ്ഞമ്മെ ഞാൻ ഭാഗ്യവാൻ തന്നെ..

കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ അച്ചൻ വലിയ ആവേശത്തിൽ ആയിരുന്നു. ജാതകപൊരുത്തമില്ലായ്മയും മറ്റു പല കാരണങ്ങളാലും നീണ്ടുപോയ വിവാഹം, അവസാനം എനിക്കിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ കണ്ടെത്തി കല്യാണത്തിലെത്തുമ്പോൾ, പുറമെ കാണിക്കുന്നില്ലെങ്കിലും അച്ചന്റെയുള്ളിൽ നല്ല സന്തോഷമുണ്ടെന്നു മനസ്സിലായി..

ചേച്ചിയുടെ വിവാഹം നടക്കുന്നതു വരെ അച്ചനെന്നും tension ആയിരുന്നു. ആണൊരുത്തനെ കണ്ടാൽ അവൾക്കു പ്രേമമാണെന്ന് അമ്മ ഇടക്കു പുലമ്പും..ചിലപ്പോൾ ചേച്ചിയോടു ദേഷ്യം തോന്നും..എന്തിനങ്ങനെയൊക്കെ....ഛെ..ചിലപ്പോൾ പാവവും തോന്നും..ചേച്ചി എന്നെങ്കിലും സന്തോഷിച്ചിട്ടുണ്ടോ? എന്തെല്ലാം പ്രശ്നങ്ങളായിരുന്നു.. ഇപ്പോൾ സന്തോഷമാണെന്നു തോന്നുന്നു, കുറഞ്ഞപക്ഷം പുറമേക്കെങ്കിലും അങ്ങനെ തോന്നുന്നു..അത്രയും ആശ്വാസം..

നടന്നു coffe shopൽ ചെന്നതറിഞ്ഞില്ല..ഓരോന്നോർത്തു നടന്നു..2 വിദേശികൾ മാത്രം ഒരു corner table ൽ ഇരിപ്പുണ്ട്‌. fish tank നൊടു ചേർന്നുള്ള 2 seater table ൽ ഇരുന്നു.

ഒരിക്കൽ പോലും അവളെ നേരിൽ കണ്ടിട്ടില്ല..പക്ഷെ അവൾ സ്വന്തം പെണ്ണാണെന്നു മനസ്സ്‌ അംഗീകരിച്ചു കഴിഞ്ഞു.. അവളുടെ അച്ചനമ്മമാരെ കണ്ടു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അടുത്ത ആഴ്ചയാവാം എന്നു പറഞ്ഞിരുന്നു...

ഇനി അവരുടെ ഭാഗത്തിനിന്നും എന്തെങ്കിലും പ്രശ്നം..? phone ചെയ്തിട്ടു കിട്ടുന്നുമില്ല... ഇറങ്ങിയപ്പോഴും phone ചെയ്തു..പക്ഷെ switch off ആണ്‌.. 2-3 ദിവസമായി mobile ൽ charge നിൽക്കുന്നില്ല എന്നവൾ പറഞ്ഞിരുന്നു...ചിലപ്പോൾ Battery charge തീർന്നു കാണും...

7 മണി ആയി...ഭിത്തിയിൽ തൂക്കിരിക്കുന്ന ചിത്രങ്ങളിൽ Chandelier ന്റെ പ്രതിഫലനം..

counter ൽ ഇരിക്കുന്ന ആൾ music മാറ്റി..ഇപ്പോൾ ഒരു slow western instrumental ആണ്‌...

ഒരു waiter വരുന്നു...അവൾ വന്നിട്ടു order ചെയ്യാം..അല്ലെങ്കിൽ വേണ്ട ഒരു coffe പറയാം..ചെറിയ tension തല പെരുപ്പിച്ചു തുടങ്ങി..

"Sir, this is for you. That Madam told me to handover it to you"

ഒരു cover നീട്ടിക്കൊണ്ട്‌ അയാൾ തല തിരിച്ചിടത്തേക്കു നോക്കി..വാതിൽക്കൽ ആരുമില്ല..!

"who gave you? I didn't saw any one.."

അയാൾ ഒരു ഞെട്ടലോടെ പറഞ്ഞു "just now she was there, Sir. and she told me.."

"ok..it's all right" അയാളെ ഇടക്കു തടഞ്ഞു കൊണ്ടു പറഞ്ഞു.

അതവൾ തന്നെ ആയിരിക്കും..ഇത്തവണയും ഒന്നു കാണാൻ പോലും കൂട്ടാക്കാതെ ഒഴിഞ്ഞു മാറുകയാണോ അവൾ?

ദേഷ്യവും, നിരാശയും..

കവർ തുറന്നു..മൂന്നായി മടക്കിയ ഒരു പേജ്‌ പേപ്പർ..

അത്ര വടിവില്ലാത്ത അക്ഷരത്തിൽ എഴുതിയിരിക്കുന്നു..

"വിനീത്‌,
വിനീതിനോടു നേരെ വന്നു സംസാരിക്കാൻ ഭയമായിട്ടാണു ഇങ്ങനെ ചെയ്യുന്നത്‌, ക്ഷമിക്കണം. വിനീതിനോടു ഞാൻ എന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നല്ലാതെ എല്ലാം തുറന്നു പറഞ്ഞിരുന്നില്ല..

എനിക്കൊരു ചേട്ടനുണ്ടെന്നു ഞാൻ പറഞ്ഞിരുന്നല്ലോ? ചേട്ടനു ചിലപ്പോൾ മാനസികാസ്വസ്ഥ്യം ഉണ്ടാവറുള്ള കാര്യവും പറഞ്ഞിരുന്നതോർമ്മയുണ്ടല്ലോ, അല്ലേ?..

എന്റെ ചേട്ടനു ജന്മനാ ഈ പ്രശ്നം ഇല്ലായിരുന്നു..6 വർഷങ്ങൾക്കു മുൻപ്‌, ചേട്ടന്റെ ജോലിസ്ഥലത്തു വെച്ച്‌ ഒരു പെൺകുട്ടി വളരെ അടുക്കുകയും അതൊരു വിവാഹത്തിന്റെ വക്കത്തെത്തുകയും ചെയ്തിരുന്നു. പക്ഷെ അവസാന നിമിഷം ആ പെൺകുട്ടി മനസ്സുമാറി. എന്താണു കാരണം എന്നിപ്പോഴും ആർക്കും ശരിക്കറിയില്ല.. മനസ്സു മുഴുവൻ കൊടുത്ത്‌ സ്നേഹിച്ചിരുന്ന പെൺകുട്ടി നഷ്ടപ്പെട്ടതിന്റെ shock താങ്ങാൻ ചേട്ടനു ആയില്ല.. ആ സംഭവത്തിനു ശേഷം എന്റെ ചേട്ടനെ- ഞങ്ങളുടെ വീടിന്റെ എല്ലാമായിരുന്ന, എപ്പോഴും കുസ്രുതിച്ചിരിയുമായി നടന്ന എന്റെ ചേട്ടനെ- എനിക്കു നഷ്ടപ്പെട്ടു.. pension ആയ എന്റെ അച്ചൻ തളർന്നു..എല്ല സൗഭാഗ്യങ്ങളും ഞങ്ങൾക്കു നഷ്ടമായി.

ഒരു വർഷം മുൻപ്‌, എന്റെ ചേട്ടനെ ചതിച്ച ഈ നഗരത്തിൽ വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത്‌ ആ സ്ത്രീയെക്കുറിച്ച്‌ അന്വേഷിക്കുകയായിരുന്നു..

അവരെ കണ്ടെത്തി.. മനസ്സിനെ ഒത്തിരി അടക്കാൻ നോക്കി..ക്ഷമിക്കാൻ മനസ്സിനെ പഠിപ്പിക്കാൻ നോക്കി..പക്ഷെ..

എന്റെ ചേട്ടനു വന്നതു പോലെയൊന്നും വിനീതിനു വരാനുള്ള അടുപ്പം നമ്മൾക്കിടയിൽ ഉണ്ടായില്ല...അങ്ങനെ ഒരു ക്രൂരത ചെയ്യൺ എനിക്കു മനസ്സു വരില്ല.. ഞാനിതൊക്കെ ഇപ്പോൾ എന്തിനു പറയുന്നുവേന്ന് അത്ഭുതം തോന്നുന്നുണ്ടോ?

ആ സ്ത്രീയുടെ അനിയന്റെ പേർ വിനീത്‌ എന്നായിരുന്നു. വിനൂട്ടൻ എന്നവർ വിളിക്കുന്ന പൂച്ചക്കണ്ണുള്ള ഒരു വിനീത്‌..

ക്ഷമിക്കണം.

(P.S ഞാൻ പറഞ്ഞ പേരും, വിലാസവും എല്ലാം തെറ്റാണ്‌. ഇന്നലെ എന്റെ ചേട്ടൻ വിലാസമില്ലാത്ത ലോകത്തേക്കു പോയി. ഞാനും പോവുന്നു, എന്റെ ചേട്ടനു കൂട്ടായി..)

Wednesday, 4 March 2009

ഒന്നും മിണ്ടാതെ രണ്ടുപേർ (കഥ)

കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ ഞങ്ങളുടെ മേൽ വീഴുന്നുണ്ടായിരുന്നു.

മഴ പെയ്തു തോർന്നിട്ട്‌ അധികം നേരമായിരുന്നില്ല..

ഒന്നും മിണ്ടാതെ ഞങ്ങൾ രണ്ടുപേരും കുറെ ദൂരം നടന്നു..

നാളെ ഞാൻ ഇവിടെ നിന്നും പോവുകയാണു..പലതും പറയണമെന്നുണ്ട്‌.. പക്ഷെ ധൈര്യ്യം ഇല്ല...അതൊ മനസ്സിലെ സ്വപ്നലോകം ഉടഞ്ഞു പോകുമെന്ന പേടി കൊണ്ടാണോ..

അവളും നിലത്തേക്കു മാത്രം നോക്കി നടന്നു..

***********

പിന്നെയും യാത്രകൾ.. ജീവിതം ഏതെല്ലാമോ വഴിയിലൂടെ, ആരോ നിശ്ചയിച്ചുറപ്പിച്ച പോലെ പോവുന്നു...

അല്ലെങ്കിൽ തന്നെ, ജീവിതതോടു സമരം ചെയ്തു എല്ലം നേടാം എന്നുള്ള മോഹം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.. ഭാര്യ, കുട്ടികൾ, ജോലി...

"ജീവിതം എങ്ങനെ ആസദ്യകരമാക്കാം" എന്നും മറ്റുമുള്ള ലേഖനങ്ങൾ വായിച്ചു എന്തൊക്കെയോ കാട്ടികൂട്ടി, ജീവിതം സുന്ദരം എന്നു സ്വയം വിശ്യസിപ്പിച്ചു കഴിയുന്ന ഒരു ദിവസം...

ഭാര്യയും, ഞാനും കൂടി മഴ നനയാതിരിക്കാൻ Convent School ന്റെ മതിലിനോടു ചേർന്നു നടക്കുകയായിരുന്നു..

വരാന്തയിൽ അവൾ.. കറുത്ത ശിരോവസ്ത്രത്തിനുള്ളിലെ മുഖം..

അവൾ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ? അറിയില്ല..

ഭാര്യയെ ചേർത്തു പിടിച്ചു നടക്കുമ്പോൾ, കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീണു എന്റെ ഉടുപ്പു നനയുന്നുണ്ടായിരുന്നു.

Monday, 16 February 2009

കർത്താവേ ഈ ബലഹീനയോടു പൊറുക്കണെ... (കഥ)

ജോർജച്ചായന്റെ നെഞ്ജത്തു മുഖമമർത്തി കിടക്കുമ്പോൾ സാലിമ്മാമ്മ ഓർത്തതു, അച്ചായനോടു കാര്യങ്ങൾ തുറന്നു പറഞ്ഞാലോ എന്നാണു. ഒരു പേടി, അച്ചായൻ ക്ഷമിക്കുമോ എന്തോ.. ആകെ ഒരു അങ്ങലാപ്പ്‌...

ഒ‍ാ.. അല്ലെങ്കിൽ ഇതിൽ എങ്ങനെ തന്നെ തെറ്റു പറയാൻ കഴിയും.. സുരേന്ദ്രൻ കടന്നു പിടിച്ചതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്‌? അച്ചായനോടു പറയാം..സുരേന്ദ്രനെ അചായനും വീട്ടുകാരും കൂടി തല്ലി ഈ നാട്ടിൽ നിന്നോടിച്ചോളും..

കാര്യം സുരേന്ദ്രൻ കടന്നു പിടിച്ചപ്പോൾ എതിർത്തതു പോലും ഒരു പാതി മനസ്സോടെയാ.... കർത്താവേ ഈ ബലഹീനയോടു പൊറുക്കണെ...

ഒ‍ാ.. അല്ലെങ്കിൽ ഇതിൽ എന്താ ഇത്ര തെറ്റു? എന്നും രാത്രി വൈകി വന്നു, ഒരു പെണ്ണുണ്ടെന്നു പോലും ചിന്തിക്കാതെ സ്കോചിന്റെ ലഹരിയിൽ ബോധം കെട്ടുറങ്ങുന്ന ഈ മനുഷ്യൻ തന്നെ അല്ലേ എല്ലാതിനും കാരണം...അല്ലെങ്കിൽ സുരേന്ദ്രനെ എന്റെ ദേഹത്തു തൊടാൻ ഞാൻ സമ്മതിക്കുമോ?

******************************************************

ബിനുമോൻ പഴയ കുരങ്ങന്റെയും മുതലയുട്യൂം കഥ വായിക്കുക ആയിരുന്നു. ബിനുമോനു ഒത്തിരി സംശയങ്ങൾ തോന്നി.

മുതലയുടെ ഭാര്യ- മുതലച്ചിക്കു - കുരങ്ങന്റെ ഹ്രുദയം തിന്നണമെന്നു പറഞ്ഞപ്പോൾ, കൂട്ടുകാരൻ മുതല, കുരങ്ങനോടു സൂത്രങ്ങൾ പറഞ്ഞു പുഴയുടെ നടുക്കെത്തിച്ചിട്ടു എന്തിനാ സത്യം പറഞ്ഞതു?

തന്നെയുമല്ല, കുരങ്ങൻ അവന്റെ ഹ്രുദയം മരതിലാണെന്നു പറഞ്ഞിട്ടു വിശ്വസിക്കാനും മാത്രം മണ്ടനാണൊ മുതല?

സത്യത്തിൽ ഭാര്യ പറഞ്ഞതും അനുസരിച്ചു, കൂട്ടുകാരനെ ചതിച്ചതുമില്ല- മുതല ആളൊരു വീരൻ തന്നെ. സ്വന്തം മനസാക്ഷിയുടെ മുൻപിൽ ഓരോ ന്യാങ്ങൾ നിരത്തി രെക്ഷപെടുന്ന മുതല!