എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Thursday, 5 November 2009

അയനാന്തം

നെറ്റിയോടു കൈപ്പടം ചേർത്തു വെച്ച്‌ വൃദ്ധന്‍ കത്തുന്ന വെയിലിനെ തലയുയർത്തി നോക്കി..

ഇലകൊഴിഞ്ഞസ്ഥിപഞ്ജരം പോലെയായ മരച്ചില്ലകൾക്കിടയിൽ കൂടി, താണുപറക്കുന്ന ഒരു കഴുകനെ മാത്രം കണ്ടു. അയാളുടെ കണ്ണുകൾ വളരെ സാവധാനം വട്ടമിടുന്ന കഴുകനോടൊപ്പം കറങ്ങി..

വേനലിന്റെ ഉഷ്ണം പുറത്തുകൂടി വിയർപ്പു ചാലുകളായി ഒഴുകിത്തുടങ്ങി..വരണ്ടുണങ്ങിയ ചുണ്ടുകൾ നാവുകൊണ്ടു നനച്ച്‌ അയാൾ കയ്യിലിരുന്ന വടി നിലത്തു കുത്തിപ്പിടിച്ച്‌ അതിൽ മുഖം മറച്ചെന്ന പോലെ ഇരുന്നു..

പാടത്തിന്റെ വരമ്പിലുള്ള ആ ചെമ്മൺ പാതയിലൂടെ പൊടിപറത്തിക്കൊണ്ടു ഒരു car പാഞ്ഞു പോയി..വീണ്ടു കീറിയ പാടത്തിന്റെ അങ്ങേ അറ്റത്തുള്ള കുടിലിലേക്കു അയാൾ തല ചെരിച്ചു നോക്കി. രണ്ടു ചെറിയ കുട്ടികൾ അവിടെ കൂരയുടെ താഴേ ഇറമ്പിൽ ഇരിക്കുന്നത്‌ അയാൾക്കു കാണാമായിരുന്നു. എന്തോ പിറുപിറുത്തു കൊണ്ട്‌ വൃദ്ധന്‍ തല തിരിച്ചു, കാൽകീഴിലൂടെ ഇഴയുന്ന ചോനലുറുമ്പുകളെ നോക്കിയിരുന്നു..
********

ഉടുപ്പിന്റെ കുടുക്കുകൾ ധ്രുതിയിൽ ഇടുന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ട്‌, കറുത്തുറച്ച തുടകളിൽ തടവി അവൾ കിടന്നു.. വിയർപ്പിൽ കുതിർന്നിരുന്നു അവളുടെ ശരീരം.

"ങും..? എന്താ? ഇനി കാശു വല്ലതും വേണോ?" തിരിഞ്ഞു നോക്കാതെ തന്നെ അയാൾ ചോദിച്ചു.

അവൾ ശബ്ദമില്ലാതെ ചിരിച്ചു, ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കിക്കിടന്നു.

പായയുടെ ഓരത്തു കിടന്ന മുണ്ടു വലിച്ചെടുക്കുമ്പോൾ അവളോർത്തു -കുഞ്ഞുങ്ങളെ നോക്കിക്കോണമെന്നു പറഞ്ഞതാ, ആർക്കറിയാം...

നല്ല വേദന..കുറച്ചുകൂടി കിടക്കണമെന്നു തോന്നുന്നു..

അവൾ കണ്ണുകളട്ക്കുമ്പോൾ അയാൾ അവളുടെ അടുത്തു വന്നു.

"ഞാൻ വെള്ളിയാഴ്ച ഈ വഴി റിട്ടേൺ വരും..അന്നു വരും, ചിലപ്പോ അന്തി ആയേക്കും...നിനക്കു ടൗണിൽ നിന്നും വല്ലതും വാങ്ങണോ?"

പെട്ടന്നവൾ കണ്ണു തുറന്നു പറഞ്ഞു "ഒരു മരുന്നു കുറിപ്പടി ഉണ്ട്‌..ആ മരുന്നു വാങ്ങിച്ചോണ്ടു വരാമോ?"

"ശരി, എടുക്ക്‌..കിട്ടിയാൽ വാങ്ങാം..ആർക്കാടീ ദീനം?" ഒരു പരിഹാസച്ചുവയോടെയാണ്‌ അയാൾ ചോദിച്ചത്‌...

"പിള്ളാർക്കു രണ്ടു പേർക്കും അസുഖമാ..വയറുകടി..പിന്നെ അപ്പനു വലിവും" പറഞ്ഞു കൊണ്ട്‌ അവൾ എഴുന്നേറ്റു മുണ്ടു മുലകളുടെ മേലെ കെട്ടി, മൂലക്കിരുന്ന തകരപ്പെട്ടിയുടെ മുകളിൽ ഇരുന്ന കുറിപ്പടി അയാളുടെ കയ്യിൽ കൊടുത്തു.

"അണ്ണാ, മരുന്നു വാങ്ങിയില്ലേൽ കുറിപ്പടി കളയല്ലേ" അവളോർമ്മിപ്പിച്ചു..

മുണ്ടു പൊതിഞ്ഞ അവളുടെ മദിപ്പിക്കുന്ന ശരീരത്തിലേക്കു നോക്കിക്കൊണ്ടയാൾ കുറിപ്പു വാങ്ങിയിറങ്ങി.. പെട്ടെന്നെന്തോ ഓർത്തപോലെ അയാൾ തിരിഞ്ഞു ചോദിച്ചു "നിന്റെ ആങ്ങളച്ചെറുക്കൻ എന്നാടീ വരുന്നത്‌? ഇവിടുന്നു പോയവന്മാരെല്ലാം തിരിച്ചു വരുവാണല്ലോ?"

*********

കുഞ്ഞുങ്ങൾ കഞ്ഞിയും, കറിയും വെച്ചു കഴിഞ്ഞു. ഇപ്പോൾ അവർ ചെമ്പരത്തിപ്പൂവിന്റെ ഉള്ളിലെ മഞ്ഞമൊട്ടുകളിൽ നാവു തൊട്ടു രുചിക്കുകയായിരുന്നു. ഇലകൾ നുള്ളിക്കീറി ചിരട്ടയിൽ വെച്ച കറി, ഇളയവളുടെ കാൽ തട്ടി ചിതറി വീണു..മൂത്തവൾ അമ്മയായി - "എന്തുവാ മോളെ ഇത്‌? ഇനിയും എനിക്കു കറിവെക്കാനൊന്നും വയ്യാ.. ഓ ഇനിയിപ്പൊ ഒള്ളതു കൂട്ടി തിന്നാം."

പുരയുടെ വടക്കെപ്പുറത്തുള്ള ഇറക്കത്തിൽ ആയിരുന്നു അവർ ഇരുന്നത്‌. ഇലകൾ ഉണങ്ങിയ രണ്ടു കൈതകൾ കുറ്റി മാത്രമായി അവിടെ നിൽപ്പുണ്ടായിരുന്നു..അതിനപ്പുറത്ത്‌ ചെമ്പരത്തിയും, കൈനാറിപ്പൂവും..

വിശക്കുന്നു. ഇളയവളാണു ആദ്യം കണ്ടത്‌, ലോറിമാമൻ പെരേടെ ഉള്ളീന്നു ഇറങ്ങി വരുന്നു. അവൾക്കു ഒത്തിരി സന്തോഷം തോന്നി..ഇനിയിപ്പം മാമൻ മന്ത്രം ചൊല്ലി വരുത്തിയ പൊറോട്ടെം, ഇറച്ചിയും കിട്ടും..ചിലപ്പം ചോറും, കറിയും കാണും..അവൾക്കിഷ്ടമായിരുന്നു ആ മാമനെ..എപ്പം വന്നാലും തിന്നാൻ കിട്ടും.. അമ്മ പറഞ്ഞതാ ആ മാമൻ വലിയ മന്ത്രവാദിയാ, നമ്മുക്കു വയറു നിറച്ചു തിന്നാൻ തരുമെന്നു. പക്ഷെ മാമൻ മന്ത്രം ചെയ്യുമ്പം ആരും കാണരുത്‌.. ഭൂതം തരുന്നത്‌ വാങ്ങി വെക്കാൻ അമ്മ മാത്രം മാമന്റെ കൂടെ നിക്കണം.

ചില ദിവസം രാത്രിയിൽ ഭൂതങ്ങൾ വരും..അന്നേരം മിണ്ടരുതെന്നു അമ്മ പറഞ്ഞിട്ടുണ്ട്‌. വാതിലിൽ മുട്ടു കേൾക്കുമ്പം അമ്മ ശബ്ദമുണ്ടാക്കാതെ അടുക്കളയിലെ ചായ്പ്പിൽ കൊണ്ടുകിടത്തും. അമ്മയെടുക്കുന്നത്‌ അറിഞ്ഞാലും കണ്ണു തുറക്കാതെ കിടക്കും. ഭൂതങ്ങൾ അമ്മെ ഒന്നും ചെയ്യില്ല..പക്ഷെ എനിക്കു പേടിയാ..കണ്ണുകൾ മുറുക്കിയടക്കും.

പിന്നെ കണ്ണടച്ചു പിടിച്ച്‌ കാതോർത്തു കിടക്കും.. ചിലപ്പോ അമ്മയുടെ അടക്കിപ്പിടിച്ച നിലവിളി കേൾക്കാം..ഭൂതങ്ങളുടെ ചിരിയും, മുരൾച്ചയും.. ചിലപ്പം അമ്മ അടക്കി ചിരിക്കുന്നതു കേൾക്കാം.. ഭൂതങ്ങൾ ഇക്കിളിപ്പെടുത്തുന്നതാരിക്കും.

മൂത്തവൾ, അനിയത്തിയെ കയ്യിൽ വലിച്ചുകൊണ്ടു മുറ്റത്തേക്കുള്ള കല്ലുകൾ ചവിട്ടി കയറി, അവൾക്കു വയ്യാ, അല്ലെങ്കിൽ കുഞ്ഞിനെ എടുത്തേനെ..

********************

അമ്മ പൊതിയഴിച്ചു വെച്ചിട്ടു കുട്ടികളെ വിളിച്ചു. "പിള്ളാരേ വേഗം വാ.. വന്നു തിന്ന്." പൊറോട്ടയും, മുട്ടക്കറിയും. കൊച്ചുകുഞ്ഞിനു മുട്ട ഇഷ്ടമല്ലല്ലോ എന്നമ്മ ഓർത്തു..

കുട്ടികൾ പടി കയറി വരുന്നത്‌ നോക്കിക്കൊണ്ട്‌ മറ്റേ പൊതിയഴിച്ചു. ചോറും, ഇറച്ചിക്കറിയുമുണ്ട്‌. അതിൽ കുറച്ചെടുത്ത്‌ ഇലയിൽ വെചു.

"അചാച്ചനെന്തിയേ മക്കളെ?"

"കണ്ടത്തിനപ്പുറത്തൊണ്ടു അമ്മേ.." മൂത്തവൾ പുറത്തേക്കു ചൂണ്ടിപ്പറഞ്ഞു.

അമ്മ ഒന്നും പറഞ്ഞില്ല. അടുക്കളയിൽ നിന്നും ഒരു പിഞ്ഞാണമെടുത്തു കൊണ്ടുവന്ന് കിഴവനു വേണ്ടി ചോറും, കറിയും ഏടുത്തു വെച്ചു.
**************

"എന്താടാ തൂങ്ങിയിരിക്കുന്നത്‌, ഒരു ജോലി പോയാൽ വേറെ വരും. നീ ഇങ്ങോട്ടു വരുന്നത്തിനു മുൻപ്‌ കളക്ടർ ഉദ്യോഗം ഒന്നും അല്ലാരുന്നല്ലോ, നാട്ടില്‌... രണ്ടെണ്ണം എടുത്തു പിടിപ്പിക്കടാ മയിരേ.."

അച്ചായൻ നല്ല ഫിറ്റായെന്നവനു തോന്നി. മിനങ്ങാന്നണ്‌ എല്ലാവർക്കും termination paper കിട്ടിയത്‌..വേറെ ജോലി നോക്കാൻ പോലും സമയം തന്നിട്ടില്ല..

അച്ചായന്റെ കണ്ണു നിറഞ്ഞിരിക്കുന്നു. അയൾക്ക്‌ നല്ല പേടിയുണ്ട്‌.. 3 പെണ്ണുങ്ങൾ കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നു..ഉള്ള വസ്തു പണയപ്പെടുത്തിയാ 7 മാസം മുൻപിങ്ങോട്ടു പോന്നത്‌..ഇനി എന്തു ചെയ്യും?

ഇന്നലെ റാസൽ ഖൈമെയിൽ ഒരു ലേബർ ആത്മഹത്യ ചെയ്തു എന്നു കഫ്തീരിയയിൽ വെച്ചു കേട്ടപ്പോൾ എല്ലാവരും പെട്ടെന്നു മിണ്ടാട്ടമില്ലാതെ ആയി.. അതു കഴിഞ്ഞപ്പം മുതൽ എല്ലാവരും തമ്മിൽ തമ്മിൽ സംശയത്തോടെയാ നോക്കുന്നതെന്നവനു തോന്നി.

രണ്ടുകൊല്ലം കൊണ്ടു വന്ന കടം വീടി..നാട്ടിൽ നിന്നപ്പോ മൈക്കാഡ്‌ പണിക്കു പോകുന്ന കാശ്‌ കൊണ്ടു വീട്ടിൽ പട്ടിണിയില്ലാതെ കഴിയാമായിരുന്നു...ചെത്തുകാരൻ പൊടിയന്റെ മോൻ പോയപ്പം ചേച്ചിയെക്കണ്ട്‌ കാര്യങ്ങൾ അറിഞ്ഞു വരണമെന്നു പറഞ്ഞാരുന്നു..അപ്പനു വലിവു കൂടുതൽ ആണെന്നവൻ പറഞ്ഞു.

3 മണി ആയി..ഇതുവരെ ചോറുണ്ടില്ല...രണ്ടുദിവസമായിട്ട്‌ കുബ്ബൂസും തൈരും അച്ചാറുമാ തിന്നുന്നത്‌..ഇന്നച്ചായൻ പോയി അരി വാങ്ങിക്കൊണ്ടു വന്നു ചോറു വെച്ചു..കുറച്ചു പരിപ്പിരുന്നതെടുത്ത്‌ മഞ്ഞളും, ഉപ്പും, പച്ച മുളകും മാത്രമിട്ട്‌ കറിയാക്കി.. വെക്കുമ്പോൾ നല്ല ആർത്തി തോന്നി. പക്ഷെ ഇപ്പോ വിശപ്പില്ല; വിശപ്പു കെട്ടുപോയി.

അച്ചായനെ വിളിച്ചപ്പോൾ അയാൾക്കിപ്പോ വേണ്ട.. കുടി തന്നെ കുടി..

ഒരു പാത്രത്തിൽ രണ്ടു തവി എടുത്തു.. പേരിനും മാത്രം കഴിക്കാം..ഇല്ലേൽ അച്ചായൻ വെച്ചതു കഴിച്ചില്ലന്നും, പറഞ്ഞു കരയാൻ തുടങ്ങും..

ഉരുള ഉരുട്ടിക്കൊണ്ടിരുന്നു..വെറുതെ.. ചുമ്മാതെ വലുപ്പം കൂട്ടി ഉരുളയുരുട്ടി..ബലിച്ചോറു പോലെ അവനു തോന്നി..അവൻ അതുടച്ചു..ഉണ്ണാൻ തോന്നുന്നില്ല.. പാത്രം അടച്ചുവെച്ചവനെഴുന്നേറ്റു.
*******************

മരച്ചില്ലകളുടെ നിഴൽ കിഴക്കോട്ടു നീണ്ടു. എന്നിട്ടും ചൂടിനു കുറവില്ല.. വഴിയും, വയൽ വരമ്പും ആൾക്കാരില്ലാതെ വിജനമായിരുന്നു.

വൃദ്ധന്‍ മരച്ചുവട്ടിൽ, തായ്‌വേരിനോടു ചേർന്നിരുപ്പുണ്ടായിരുന്നു. താഴെക്കിടന്ന വടിയിലൂടെ, ശവംതീനിയുറുമ്പുകൾ അയാളുടെ മുഖത്തേക്കു കയറിപ്പടർന്നു.

ചോറുകിട്ടാതെ ബലികാക്കൾ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.

6 comments:

ശ്രീ said...

കഥ ഇഷ്ടമായി, കുട്ടേട്ടാ... ഇന്നത്തെ കാലഘട്ടത്തില്‍ സംഭവിയ്ക്കുന്നത് തന്നെ.

(വൃദ്ധന്‍ എന്നല്ലേ ശരി?)

★ Shine said...

തെറ്റു തിരുത്തിയിട്ടുണ്ട്‌ ശ്രീക്കുട്ടാ.. ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി.

Unknown said...

നല്ല കഥ കുട്ടന്‍സ്‌

Bindhu Unny said...

ഈ നിസ്സഹായതകള്‍ കണ്ട് നിസ്സഹായരായി നമ്മളും!

suraj::സുരാജ് said...

Touching story kuttaa...

pandavas... said...

കുട്ടേട്ടാ.. മനസില്‍ തൊട്ടു. ആറ്റിക്കുറുക്കിയ വരികള്‍.