തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഇരിക്കുമ്പോൾ മനസ്സു മിക്കപ്പോഴും ശൂന്യമായിരിക്കും. ഇരിക്കുന്നതിനടുത്ത് ആരെങ്കിലും കള്ളു കുടിച്ചു കിടക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ മനസ്സിൽ അവരെക്കുറിച്ചും, ജീവിതത്തെക്കുറിച്ച് അവരുടെ ചിന്തകൾ എന്തായിരിക്കും എന്നൊക്കെ ആലോചിക്കും. പിന്നെ തടാകത്തിന്റെ അങ്ങേക്കരയിൽ കൂട്ടം കൂടി നിൽക്കുന്ന സഞ്ചാരികളെ നോക്കിയിരിക്കും. അക്കൂട്ടത്തിൽ സുന്ദരികളായ പെൺകുട്ടികളെക്കാണുമ്പോൾ ഉള്ളിൽ ഒരു ഊഷ്മളത തോന്നും...ഒരു നല്ല കൂട്ടുകാരി വേണമെന്നു അന്നു പലപ്പോഴും തോന്നിയിട്ടുണ്ട് - നിറുത്തതെ സം സാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഒരു കൂട്ടുകാരി.. പക്ഷെ ഞാൻ ആ മോഹം എന്റെ സ്വപ്നങ്ങളിൽ തന്നെ അടക്കി. ഒരു തമാശക്കു എനിക്കാരേയും പ്രേമിക്കാൻ കഴിയില്ലായിരുന്നു. സ്നേഹിച്ചിട്ടു നഷ്ടപ്പെടുന്നതെനിക്കു താങ്ങാനാവില്ലാ എന്നാണു അന്നു ഞാൻ സ്വയം കരുതിയിരുന്നത്. പിന്നീടു വർഷങ്ങൾക്കു ശേഷം "ഒരേ കടൽ" എന്ന cinema കണ്ടപ്പോൾ എനിക്കു തോന്നി, മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രവും അത്തരം ഒരു ഭയം കൊണ്ടുനടക്കുന്നുവേന്ന്. അതിൽ മമ്മുട്ടിയുടെ കഥാപാത്രം അത്തരം ബന്ധങ്ങളിൽ നിന്നും രക്ഷ നേടാൻ അരാജകത്വുത്തിന്റെ വഴി തിരഞ്ഞെടുത്തു; ഞാൻ സ്വയം ഒരു ഉൾവലിയൽ നടത്തി.
കുറേ നേരം അവിടെയിരുന്നിട്ടു ഞങ്ങൾ തിരിച്ചു വന്ന വഴിയെ നടക്കും.. ഗുരുകുലത്തിലേക്കു പോകേണ്ടുന്ന വഴിയെത്തുമ്പോൾ കൂടെയുള്ള് ആൾ മിക്കവാറും ഗുരുകുലത്തിലേക്കു പോവും. ഞാൻ ഊട്ടി റെയിൽപാതയിലൂടെ കുറേക്കൂടി മുന്നോട്ടു നടക്കും..sterling Resortന്റെ പുറകിലുള്ള കുന്നിൻ ചരുവിലൂടെ കടന്നു പോകുന്ന റെയിൽപാതക്കു, അവിടെ തൊട്ടടുത്ത് ഒരു stop ഉണ്ട്- പ്രസിദ്ധമായ ഊട്ടി Lovedale School ന്റെ അടുത്തുള്ള സ്റ്റോപ്.(lovedale തന്നെയാണോ എന്നിപ്പോൾ ഒരു സംശയം, അതൊ Lawrence സ്കൂളോ? മറവി കൂടി വരുന്നു.) അവിടെ, മിക്കവാറും വിജനമായ ആ station ന്റെ പരിസരത്തു കുറേ നേരം ഇരിക്കും. ചിലപ്പോൾ ഗുരുകുലത്തിൽ പൂക്കളുമായി വരുന്ന അണ്ണനെ അവിടെ വെച്ചു കാണാറുണ്ട്..നല്ല മണമുള്ള മുല്ലപ്പൂവുകൾ. കുറച്ചു നേരം അവിടെ ഇരുന്നിട്ടു school ന്റെ അടുത്തുകൂടി തിരിഞ്ഞു Fernhill ലേക്കു പോവുന്ന വഴിയെ നടക്കും. അതു വഴി പോയാൽ ഏറെ നേരം എടുക്കും ഗുരുകുലത്തിൽ എത്തിച്ചേരാൻ..
സ്കൂളിന്റെ അവിടെനിന്നും മഞ്ജനകരൈയിലേക്കെത്തുന്ന ആ വഴിയാണു ഊട്ടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വഴി. രണ്ടുവശത്തും, കൂറ്റൻ ഓക്കു മരങ്ങൾ നിറഞ്ഞ പ്രശാന്തമായ ആ വഴിയിലൂടെ നടക്കുക ഒരു അനുഭവം തന്നെയാണു. പൊതു വളരെ വിജനമായിരിക്കും ആ വഴി. ഒരു 10-15 minute നടന്നാൽ, വെള്ള നിറത്തിലും, ഒരു തരം നരച്ച പച്ച നിറത്തീലും അടുക്കിവെച്ചിരിക്കുന്ന പെട്ടികൾ പോലെ വീടുകൾ Fernhillഇന്റെ ചരുവികളിൽ കാണാം. അതു വഴി മുകളിലേക്കു കയറിയാൽ ഗുരുകുലത്തിന്റെ പുറകിലുള്ള തേയിലതോട്ടത്തിനടുതെത്താം. നടന്നു വന്ന വഴിയിൽ നിന്നും, ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപ്, ഒരു ചെറിയ നീർച്ചാലിനു കുറുകെ ഉള്ള പാലം കടന്നു വിശാലമായ ഒരു പുൽമേട്ടിലൂടെ കടന്നു പോവണം. 1-2 കിലോമീറ്റർ നീളത്തിൽ വലിച്ചു കെട്ടിയിരുക്കുന്ന അയയിൽ തുണികൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം. പശുക്കളും, ചെമ്മരിയാടുകളും കൂട്ടമായി മേയുന്നതും കാണാം. തണുപ്പുകാലങ്ങളിൽ, മഞ്ഞിന്മറക്കപ്പുറത്തു കൂടി അതു കാണുന്നതു മനസ്സിനെ ഒരു തരം മായിക ലോകത്തെത്തിക്കുമായിരുന്നു.
ഗുരുകുലത്തിൽ വരുന്ന ആൾക്കാരിൽ എനിക്കടുപ്പം തോന്നുന്നവരെയും കൊണ്ടു ഞാൻ അതു വഴി നടക്കാറുണ്ട്. കുറേ ദൂരമുള്ളതുകൊണ്ട്, പലർക്കും മടി തോന്നുമായിരുന്നെങ്കിലും, എന്റെ സൗഹാർദ്ദപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി കൂടെ വരുമായിരുന്ന പലരും, പിന്നീടു കത്തയക്കുമ്പോൾ ആ വഴിയെക്കുറിച്ചും, അതു വഴി നടന്നതിനേക്കുറിച്ചും ഒരു തരം ഗ്രഹാതുരത്യത്തോടെ എഴുതാറുണ്ടായിരുന്നു.
ഒരിക്കൽ,ഉമേഷ് എന്നൊരു ഗുരുകുല സുഹ്രുത്തും ഞാനും കൂടി വളരെ പുലർച്ചേ അതു വഴി നടന്നു. ന ല്ലൊരു, പുല്ലംകുഴൽ വായനക്കാരനായിരുന്നു അവൻ. കണ്ടാൽ ക്രുഷ്ണവർണമാർന്ന, അലസമായി വളർത്തിയ മുടിയുള്ള ഒരു സുന്ദരൻ. ആ പുലർച്ചേ, കിഴക്കു സൂര്യന്റെ സ്വൃണ്ണ വെളിച്ചം, മഞ്ഞിൻ പുകക്കുള്ളിലൂടെ ഒരു തിളക്കത്തോടെ വന്നു മുഖത്തു വീഴുമ്പോൾ അവൻ പ്രഭാതരാഗങ്ങളിലൊന്നിൽ ആ മുളം കുഴലൂതി. നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി. ആ രാഗം വായിച്ചു തീന്നപ്പോഴേക്കും എന്റെയും,അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ നിമിഷം അവൻ എന്റെ ആജന്മസഹോദരനായി.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Wednesday, 23 September 2009
Subscribe to:
Post Comments (Atom)
5 comments:
നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി.
വായിക്കാന്‍ ഒരു പ്രതേക സുഖം ഉണ്ട് ട്ടോ
പടനിലം എങ്ങനെ അറിയാം?
പെട്ടെന്നു തീര്‍ന്നല്ലോ എന്നു തോന്നി. അത്ര രസകരമായിരുന്നു.
മഞ്ജനകരൈയിലെ ഓർമ്മക്കുറിപ്പുകൾ വായിക്കാനും, അഭിപ്രായം രേഖപ്പെടുത്താനും താൽപര്യം കാണിച്ച എല്ലാ സുഹ്രുത്തുക്കൾക്കും നന്ദി.
@ Prasad എനിക്കു mail അയക്കു. Profile ൽ mail linkൽ നിന്നും ID കിട്ടും. വ്യക്തിപരമായ പരിചയപ്പെടൽ അങ്ങനെ ആവുന്നതല്ലേ ഭംഗി?
Post a Comment